എഫേസോസ് 4

ഐക്യത്തിന് ആഹ്വാനം
1

കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ചവിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍.

2

പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍.

3

സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.

4

ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്മാവുമാണുള്ളത്.

5

ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു.

6

സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം.

കൃപാവരങ്ങളുടെ വൈവിധ്യം
7

നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു.

8

അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി.

9

അവന്‍ ആരോഹണം ചെയ്തുവെന്നതിന്റെ അര്‍ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ?

10

ഇറങ്ങിയവന്‍ തന്നെയാണ്, എല്ലാ വസ്തുക്കളെയും പൂരിതമാക്കാന്‍വേണ്ടി എല്ലാ സ്വര്‍ഗങ്ങള്‍ക്കുമുപരി ആരോഹണംചെയ്തവനും.

11

അവന്‍ ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി.

12

ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്.

13

വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.

14

നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍മനുഷ്യര്‍ കൗശല പൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെ റിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്.

15

പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്‌സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു.

16

അവന്‍ വഴി ശരീരംമുഴുവന്‍, ഓരോ സന്ധിബന്ധവും അതതിന്റെ ജോലി നിര്‍വഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ട്, വള രുകയും സ്‌നേഹത്തില്‍ രൂപപ്പെടുകയും ചെയ്യുന്നു.

ക്രിസ്തുവില്‍ നവജീവിതം
17

കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്.

18

ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു.

19

അവര്‍ മനസ്‌സു മരവിച്ച് ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി.

20

പക്‌ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്.

21

നിങ്ങള്‍ യേശുവിനെക്കുറിച്ചുകേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.

22

നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.

23

നിങ്ങള്‍ മനസ്‌സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.

24

യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാ ദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

വര്‍ജിക്കേണ്ട തിന്‍മകള്‍
25

അതിനാല്‍, വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്.

26

കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.

27

സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്.

28

മോഷ്ടാവ് ഇനിമേല്‍ മോഷ്ടിക്കരുത്. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍ കൊണ്ട് മാന്യമായ ജോലി ചെയ്യട്ടെ.

29

നിങ്ങളുടെ അധരങ്ങളില്‍നിന്ന് തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍.

30

രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്.

31

സക ല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ട ഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍.

32

ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാ റുവിന്‍.