ഹോസിയാ 11

തിരസ്‌കരിക്കപ്പെട്ട സ്‌നേഹം
1

ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ഞാനവനെ സ്‌നേഹിച്ചു; ഈജിപ്തില്‍നിന്ന് ഞാന്‍ എന്റെ മകനെ വിളിച്ചു.

2

ഞാന്‍ അവരെ അടുക്കലേക്കു വിളിക്കുന്തോറും അവര്‍ എന്നില്‍നിന്ന് അകന്നുപോവുകയാണു ചെയ്തത്. അവര്‍ ബാല്‍ദേവന്‍മാര്‍ക്കു ബലിയും വിഗ്രഹങ്ങള്‍ക്കു ധൂപവും അര്‍പ്പിച്ചുപോന്നു.

3

എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചത് ഞാനാണ്. ഞാന്‍ അവരെ എന്റെ കരങ്ങളിലെടുത്തു; എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന് അവര്‍ അറിഞ്ഞില്ല.

4

കരുണയുടെ കയര്‍ പിടിച്ച് ഞാന്‍ അവരെ നയിച്ചു- സ്‌നേഹത്തിന്റെ കയര്‍തന്നെ. ഞാന്‍ അവര്‍ക്കു താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാന്‍ കുനിഞ്ഞ് അവര്‍ക്കു ഭക്ഷണം നല്‍കി.

5

അവര്‍ ഈജിപ്ത്‌ദേശത്തേക്കു മടങ്ങും. അസ്‌സീറിയാ അവരുടെ രാജാവാകും. കാരണം, എന്റെ അടുക്കലേക്കു മടങ്ങിവരാന്‍ അവര്‍ വിസമ്മതിച്ചു.

6

വാള്‍ അവരുടെ നഗരങ്ങള്‍ക്കെതിരേ ആഞ്ഞുവീശും. നഗര കവാടങ്ങളുടെ ഓടാമ്പലുകള്‍ അതു തകര്‍ക്കും. കോട്ടകള്‍ക്കുള്ളില്‍വച്ച് അവരെ അതു വിഴുങ്ങും.

7

എന്റെ ജനം എന്നെ വിട്ടകലാന്‍ തിടുക്കം കാട്ടുന്നു. അതുകൊണ്ട്, അവര്‍ക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തു മാറ്റുകയില്ല.

8

എഫ്രായിം, ഞാന്‍ നിന്നെ എങ്ങനെ ഉപേക്ഷിക്കും? ഇസ്രായേല്‍, ഞാന്‍ നിന്നെ എങ്ങനെ കൈവിടും? ഞാന്‍ നിന്നെ എങ്ങനെ അദ്മായെപ്പോലെയാക്കും? സെബോയിമിനോടെന്നപോലെ നിന്നോട് എങ്ങനെ പെരുമാറും? എന്റെ ഹൃദയം എന്നെ വിലക്കുന്നു. എന്റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിരിക്കുന്നു.

9

ഞാന്‍ എന്റെ ഉഗ്രകോപം നടപ്പാക്കുകയില്ല. എഫ്രായിമിനെ വീണ്ടും നശിപ്പിക്കുകയില്ല; ഞാന്‍ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയില്‍ വസിക്കുന്ന പരിശുദ്ധന്‍ തന്നെ. ഞാന്‍ നിങ്ങളെ നശിപ്പിക്കാന്‍ വരുകയില്ല.

10

അവര്‍ കര്‍ത്താവിന്റെ പിന്നാലെ പോകും. അവിടുന്ന് സിംഹത്തെപ്പോലെ ഗര്‍ജിക്കും; അതേ, അവിടുന്ന് ഗര്‍ജിക്കും; അപ്പോള്‍ അവിടുത്തെ പുത്രന്‍മാര്‍ പടിഞ്ഞാറുനിന്നു പേടിച്ചുവിറച്ചു വരും.

11

ഈജിപ്തില്‍നിന്നു പക്ഷികളെപ്പോലെയും അസ്‌സീറിയാദേശത്തുനിന്നുപ്രാവുകളെപ്പോലെയും അവര്‍ തിടുക്കത്തില്‍ വരും. ഞാന്‍ അവരെ സ്വഭവനങ്ങളിലെത്തിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.

12

എഫ്രായിം വ്യാജംകൊണ്ടും ഇസ്രായേല്‍ ഭവനം വഞ്ചനകൊണ്ടും എന്നെ വലയം ചെയ്തിരിക്കുന്നു; എന്നാല്‍ യൂദായെ ഇന്നും ദൈവം അറിയുന്നു. അവന്‍ പരിശുദ്ധനായവനോടു വിശ്വസ്തത പുലര്‍ത്തുന്നു.