ജോബ് 26

ജോബിന്റെ മറുപടി
1

ജോബ് പറഞ്ഞു:

2

ശക്തിയറ്റവനെ നീ എത്രമാത്രം സഹായിച്ചു! ബലഹീനമായ കരങ്ങളെ നീ എപ്രകാരം രക്ഷിച്ചു!

3

ബുദ്ധിഹീനനെ നീ എപ്രകാരം ഉപദേശിക്കുകയും എത്ര ഉദാരമായി യഥാര്‍ഥ വിജ്ഞാനം പകര്‍ന്നു കൊടുക്കുകയും ചെയ്തു!

4

ആരുടെ സഹായത്തോടെയാണ് നീ വാക്കുകള്‍ ഉച്ചരിച്ചത്? ആരുടെ ചൈതന്യമാണു നിന്നില്‍ നിന്നു പുറപ്പെട്ടത്?

5

അധോലോകത്തിലെ നിഴലുകള്‍ വിറകൊള്ളുന്നു. ജലവും അതിലെ ജീവികളും പ്രകമ്പനം കൊള്ളുന്നു.

6

പാതാളം ദൈവത്തിന്റെ മുന്‍പില്‍ അനാവൃതമായിരിക്കുന്നു. നരകത്തെ ഒന്നും മറച്ചിട്ടില്ല.

7

ശൂന്യതയുടെമേല്‍ അവിടുന്ന് ഉത്തരദിക്കിനെ വിരിക്കുന്നു. ഭൂമിയെ ശൂന്യതയുടെമേല്‍ തൂക്കിയിട്ടിരിക്കുന്നു.

8

ജലത്തെ അവിടുന്ന് തന്റെ കനത്തമേഘങ്ങളില്‍ ബന്ധിച്ചിരിക്കുന്നു. അതിന്റെ ഭാരത്താല്‍ മേഘം കീറിപ്പോകുന്നില്ല;

9

ചന്ദ്രന്റെ മുഖം അവിടുന്ന് മറയ്ക്കുന്നു; തന്റെ മേഘത്തെ അതില്‍ വിരിച്ചിടുന്നു.

10

പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും അതിര്‍ത്തിയില്‍ ജലോപരിതലത്തില്‍ അവിടുന്ന് ഒരു വൃത്തം വരച്ചിരിക്കുന്നു.

11

ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു. അവിടുത്തെ ശാസനയാല്‍ അവ ഭ്രമിച്ചുപോകുന്നു.

12

അവിടുന്ന് തന്റെ ശക്തിയാല്‍ സമുദ്രത്തെ നിശ്ചലമാക്കി; തന്റെ ജ്ഞാനത്താല്‍ റാഹാബിനെ തകര്‍ത്തുകളഞ്ഞു.

13

അവിടുന്ന് തന്റെ ശ്വാസത്താല്‍ ആകാശത്തെ പ്രശോഭിപ്പിച്ചു; പായുന്ന സര്‍പ്പത്തെ അവിടുത്തെ കരം പിളര്‍ന്നു.

14

ഇതെല്ലാം അവിടുത്തെ നിസ്‌സാര പ്രവര്‍ത്തനങ്ങളാണ്. അവിടുത്തെപ്പറ്റി എത്ര നേരിയ ഒരു സ്വരം മാത്രമാണു നാം കേട്ടിട്ടുള്ളത്! അവിടുത്തെ ശക്തിയുടെ ഇടിമുഴക്കം ആര്‍ക്കു ഗ്രഹിക്കാന്‍ കഴിയും?