ജോയേല്‍ 1

കൃഷിനാശം
1

പെഥുവേലിന്റെ മകന്‍ ജോയേലിനു കര്‍ത്താവില്‍ നിന്നു ലഭിച്ച അരുളപ്പാട്: വൃദ്ധരേ, ശ്രവിക്കുവിന്‍.

2

ദേശവാസികളെ, ചെവിക്കൊള്ളുവിന്‍. നിങ്ങളുടെയോ നിങ്ങളുടെ പിതാക്കന്‍മാരുടെയോ കാലത്ത് ഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോ?

3

ഇതെപ്പറ്റി നിങ്ങളുടെ മക്കളോട് പറയുവിന്‍. അവര്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ അടുത്ത തലമുറയോടും പറയട്ടെ.

4

വിട്ടില്‍ ശേഷിപ്പിച്ചതു വെട്ടുകിളി തിന്നു; വെട്ടുകിളി ശേഷിപ്പിച്ചതു പച്ചക്കുതിര തിന്നു; പച്ചക്കുതിര ശേഷിപ്പിച്ചതു കമ്പിളിപ്പുഴു തിന്നു.

5

മദ്യപന്‍മാരേ, ഉണര്‍ന്നുവിലപിക്കുവിന്‍; വീ ഞ്ഞുകുടിക്കുന്നവരേ, നെടുവീര്‍പ്പിടുവിന്‍. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു.

6

അതിശക്തവും സംഖ്യാതീതവുമായ ഒരു ജനത എന്റെ ദേശത്തിനെതിരേ വന്നിരിക്കുന്നു. അതിന്റെ പല്ല് സിംഹത്തിന്‍േറ തു പോലെയും ദംഷ്ട്രകള്‍ സിംഹിയുടേതുപോലെയുമാണ്.

7

അത് എന്റെ മുന്തിരിച്ചെടികളെ നശിപ്പിച്ചു. അത്തിവൃക്ഷങ്ങളെ ഒടിച്ചുതകര്‍ത്തു. അതിന്റെ തൊലിയുരിഞ്ഞ് ശാഖകള്‍ വെളുപ്പിച്ചു.

8

തന്റെ യൗവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി ചാക്കുടുത്ത് വിലപിക്കുന്ന കന്യകയെപ്പോലെ പ്രലപിക്കുവിന്‍.

9

ധാന്യബലിയും പാനീയബലിയും കര്‍ത്താവിന്റെ ഭവനത്തില്‍നിന്നു നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കര്‍ത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ വിലപിക്കുന്നു.

10

വയലുകള്‍ ശൂന്യമാക്കപ്പെട്ടിരിക്കുന്നു; ഭൂമി വിലപിക്കുന്നു. ധാന്യം നശിച്ചു, വീഞ്ഞ് ഇല്ലാതായി; എണ്ണ വറ്റിപ്പോയി.

11

നിലം ഉഴുകുന്നവരേ, പരിഭ്രമിക്കുവിന്‍. മുന്തിരിത്തോട്ടക്കാരേ, പ്രലപിക്കുവിന്‍; ഗോതമ്പിനെയും ബാര്‍ലിയെയും ചൊല്ലിത്തന്നെ. കാരണം, വയലിലെ വിളവുകള്‍ നശിച്ചിരിക്കുന്നു.

12

മുന്തിരിവള്ളിയും അത്തിവൃക്ഷവും വാടിപ്പോകുന്നു. മാതളവും ഈന്തപ്പനയും ആപ്പിളും ഉള്‍പ്പെടെ വയലിലെ എല്ലാ വൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യമക്കളില്‍നിന്ന് ആ നന്ദം പോയിമറഞ്ഞു.

അനുതപിക്കുവിന്‍
13

പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.

14

ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍; കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍.

15

കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. ആദിനം! ഹാ, കഷ്ടം! സര്‍വശക്തനില്‍നിന്നുള്ള സംഹാരമായി അതു വരുന്നു.

16

നമ്മുടെ കണ്‍മുന്‍പില്‍നിന്നു ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്ന് ആഹ്‌ളാദത്തിമിര്‍പ്പും അപ്രത്യക്ഷമായിരിക്കുന്നു.

17

വിത്ത് കട്ടകള്‍ക്കിടയില്‍ അമര്‍ന്നു പോയിരിക്കുന്നു. സംഭരണശാലകളും പത്തായങ്ങളും ശൂന്യമായിരിക്കുന്നു.

18

ധാന്യം ഇല്ലാതായിരിക്കുന്നു. മൃഗങ്ങള്‍ ഞരങ്ങുന്നു; മേച്ചില്‍സ്ഥലമില്ലാതെ കന്നുകാലികള്‍ വലയുന്നു; ആട്ടിന്‍പറ്റങ്ങള്‍ നശിക്കുന്നു.

19

കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; വിജനപ്രദേശങ്ങളിലെ പുല്‍പു റങ്ങളെ അഗ്‌നി വിഴുങ്ങിയിരിക്കുന്നു. വയലിലെ മരങ്ങളെല്ലാം കത്തിനശിച്ചു.

20

വനാന്തരങ്ങളിലെ അരുവികള്‍ വറ്റിപ്പോവുകയും പുല്‍പുറങ്ങള്‍ അഗ്‌നിക്കിരയാവുകയും ചെയ്തതിനാല്‍ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കേഴുന്നു.