യോനാ 2

യോനായുടെ പ്രാര്‍ഥന
1

മത്‌സ്യത്തിന്റെ ഉദരത്തില്‍ വച്ചു യോനാ തന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:

2

എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന് എന്റെ നിലവിളി കേട്ടു.

3

അവിടുന്ന് എന്നെ ആഴത്തിലേക്ക്, സമുദ്രമധ്യത്തിലേക്കു വലിച്ചെറിഞ്ഞു. പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകള്‍ എന്റെ മുകളിലൂടെ കടന്നുപോയി.

4

അപ്പോള്‍, ഞാന്‍ പറഞ്ഞു: അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ നിഷ്‌കാസിതനായിരിക്കുന്നു. അങ്ങയുടെ വിശുദ്ധ മന്ദിരത്തിലേക്ക്, ഇനി ഞാന്‍ എങ്ങനെ നോക്കും?

5

സമുദ്രം എന്നെ വലയം ചെയ്തിരിക്കുന്നു. ആഴി എന്നെ ചുറ്റിയിരിക്കുന്നു. പായല്‍ എന്റെ തല വരിഞ്ഞുമുറുക്കിയിരിക്കുന്നു.

6

പര്‍വതങ്ങള്‍ വേരുപാകിയിരിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഞാന്‍ ഇറങ്ങിച്ചെന്നു. അതിന്റെ ഓടാമ്പലുകള്‍ എന്നെ എന്നേക്കുമായി അടച്ചുപൂട്ടി. എങ്കിലും എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.

7

എന്റെ ജീവന്‍മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു. എന്റെ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍, എത്തി.

8

വ്യര്‍ഥവിഗ്രഹങ്ങളെ പൂജിക്കുന്നവര്‍ തങ്ങളുടെ വിശ്വസ്തത വെടിയുന്നു.

9

എന്നാല്‍, ഞാന്‍ കൃതജ്ഞതാസ്‌തോത്രങ്ങളാലാപിച്ച് അങ്ങേക്കു ബലി അര്‍പ്പിക്കും. ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവില്‍നിന്നാണ് രക്ഷ.

10

കര്‍ത്താവ് മത്‌സ്യത്തോടു കല്‍പിച്ചു. അതു യോനായെ കരയിലേക്കു ഛര്‍ദിച്ചിട്ടു.