യോനാ 4

അതിരറ്റ കരുണ
1

യോനാ ഇതില്‍ അത്യധികം അസംതൃപ്തനും കുപിതനുമായി.

2

അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ എന്റെ ദേശത്തായിരുന്നപ്പോള്‍ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ് ഞാന്‍ താര്‍ഷീഷിലേക്കു ഓടിപ്പോകാന്‍ ശ്രമിച്ചത്. അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു.

3

കര്‍ത്താവേ, എന്റെ ജീവന്‍ എടുത്തുകൊള്ളുക എന്നു ഞാന്‍ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്ക് നല്ലത്.

4

കര്‍ത്താവ് ചോദിച്ചു: നിനക്കു കോപിക്കാന്‍ എന്തു കാര്യം?

5

യോനാ പുറത്തിറങ്ങി നഗരത്തിന്റെ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവന്‍ തനിക്കുവേണ്ടി ഒരു കൂടാരം നിര്‍മിച്ചു. നഗരത്തിന് എന്തു സംഭ വിക്കുമെന്നു കാണാനായി കൂടാരത്തിന്റെ കീഴില്‍ ഇരുന്നു.

6

യോനായ്ക്കു തണലും ആശ്വാസവും നല്‍കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു.

7

പിറ്റേന്നു പ്രഭാതത്തില്‍ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ള കിഴക്കന്‍കാറ്റിനെ നിയോഗിച്ചു.

8

തലയില്‍ സൂര്യന്റെ ചൂടേറ്റ് യോനാ തളര്‍ന്നു. മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്.

9

ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാന്‍ നിനക്കെന്തു കാര്യം? അവന്‍ പറഞ്ഞു: കോപിക്കാന്‍ എനിക്കു കാര്യമുണ്ട്, മരണംവരെ കോപിക്കാന്‍.

10

കര്‍ത്താവ് പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്ത രാത്രി നശിക്കുകയും ചെയ്തു. നീ അതിന്റെ വളര്‍ച്ചയ്ക്കുവേണ്ടി അധ്വാനിച്ചിട്ടില്ല. എന്നിട്ടും നിനക്കതിനോട് അനുകമ്പ തോന്നുന്നു.

11

എങ്കില്‍, ഇടംവലം തിരിച്ചറിയാന്‍ കഴിവില്ലാത്ത ഒരുലക്ഷത്തിയിരുപതിനായിരത്തില്‍പരം ആളുകളും അസംഖ്യം മൃഗങ്ങളും വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?