സുഭാഷിതങ്ങള്‍ 18

1

വേറിട്ടു നില്‍ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്‍ക്കാന്‍ പഴുതു നോക്കുന്നു.

2

ഭോഷനു സ്വന്തം അഭിപ്രായംപ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്പര്യമില്ല.

3

ദുഷ്ടതയോടൊപ്പം അവജ്ഞയുംദുഷ്‌കീര്‍ത്തിയോടൊപ്പം അപമാനവും വന്നുഭവിക്കുന്നു.

4

മനുഷ്യന്റെ വാക്കുകള്‍ അഗാധമായജലാശയമാണ്; ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവിയും.

5

ദുഷ്ടനോട് പക്ഷപാതം കാണിക്കുന്നതോ നീതിമാന് നീതി നിഷേധിക്കുന്നതോ നന്നല്ല.

6

മൂഢന്റെ അധരങ്ങള്‍ കലഹത്തിനുവഴിതെളിക്കുന്നു; അവന്റെ വാക്കുകള്‍ ചാട്ടയടിയെക്ഷണിച്ചുവരുത്തുന്നു.

7

മൂഢന്റെ നാവ് അവനെ നശിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ അവനു കെണിയാണ്.

8

ഏഷണിക്കാരന്റെ വാക്കുകള്‍ സ്വാദുള്ള അപ്പക്കഷണങ്ങള്‍ പോലെയത്രേ; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.

9

മടിയന്‍മുടിയന്റെ സഹോദരനാണ്.

10

കര്‍ത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണ്; നീതിമാന്‍ അതില്‍ ഓടിക്കയറിസുരക്ഷിതനായിക്കഴിയുന്നു.

11

സമ്പത്താണു ധനികന്റെ ബലിഷ്ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അത് അവനെസംരക്ഷിക്കുന്നു.

12

ഗര്‍വം നാശത്തിന്റെ മുന്നോടിയാണ്; വിനയം ബഹുമതിയുടെയും.

13

ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിനുമുന്‍പ് ഉത്തരം പറയുന്നത് ഭോഷത്തവും മര്യാദകേടുമാണ്.

14

ഉന്‍മേഷമുള്ള മനസ്‌സ് രോഗം സഹിക്കുന്നു; തളര്‍ന്ന മനസ്‌സിനെ ആര്‍ക്ക് താങ്ങാന്‍ കഴിയും?

15

ബുദ്ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു കാതോര്‍ക്കുന്നു.

16

സമ്മാനം കൊടുക്കുന്നവന് വലിയവരുടെ അടുക്കല്‍ പ്രവേ ശനവും സ്ഥാനവും ലഭിക്കുന്നു.

17

മറ്റൊരാള്‍ ചോദ്യം ചെയ്യുന്നതുവരെ,വാദമുന്നയിക്കുന്നവന്‍ പറയുന്നതാണ്‌ന്യായമെന്നു തോന്നും.

18

നറുക്ക് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു; അത് പ്രബലരായ പ്രതിയോഗികളെതീരുമാനത്തിലെത്തിക്കുന്നു.

19

സഹോദരന്‍ സഹായത്തിനുള്ളവന്‍ഉറപ്പുള്ള നഗരംപോലെയാണ്; എന്നാല്‍ കലഹം ഇരുമ്പഴികള്‍പോലെഅവരെ പിടിച്ചകറ്റുന്നു.

20

അധരഫലം ഉപജീവനമാര്‍ഗംനേടിക്കൊടുക്കുന്നു; അധരങ്ങള്‍ സംതൃപ്തി വിളയിക്കുന്നു.

21

ജീവനെ നശിപ്പിക്കാനും പുലര്‍ത്താനുംനാവിന് കഴിയും; അതിനെ സ്‌നേഹിക്കുന്നവന്‍ അതിന്റെ കനി ഭുജിക്കണം.

22

ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവന്‍ഭാഗ്യവാന്‍; അതു കര്‍ത്താവിന്റെ അനുഗ്രഹമാണ്.

23

ദരിദ്രന്‍ കേണപേക്ഷിക്കുന്നു; ധനവാന്‍മാര്‍ പരുഷമായി മറുപടി നല്‍കുന്നു.

24

ചിലര്‍ സ്‌നേഹിതരെന്ന് നടിക്കും; ചിലര്‍ സഹോദരനെക്കാള്‍ ഉറ്റവരാണ്.