വെളിപാട് 15

വിജയികളുടെ സ്തുതിഗീതം
1

സ്വര്‍ഗത്തില്‍ മഹത്തും വിസ്മയാവഹ വുമായ മറ്റൊരടയാളം ഞാന്‍ കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്റെ ക്രോധം അവസാനിക്കുന്നത്.

2

അഗ്‌നിമയമായ പളുങ്കുകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്‍മേലും അവന്റെ പ്രതിമയിന്‍മേലും അവന്റെ നാമസംഖ്യയിന്‍മേലും വിജയം വരിച്ച്, ദൈവത്തിന്റെ വീണപിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്‍ക്കുന്നവരെയും ഞാന്‍ കണ്ടു.

3

അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങള്‍ ആല പിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്തനും ദൈവവുമായ

4

കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹ വുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്ധവുമാണ്. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധന്‍. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.

5

ഇതിനുശേഷം സ്വര്‍ഗത്തില്‍ സാക്ഷ്യകൂടാരത്തിന്റെ ശ്രീകോവില്‍ തുറക്കപ്പെടുന്നതു ഞാന്‍ കണ്ടു.

6

ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍ ശ്രീകോവിലില്‍നിന്നു പുറത്തുവന്നു. അവര്‍ ധവളവസ്ത്രം ധരിച്ചിരുന്നു; വക്ഷസ്‌സില്‍ പൊന്നുകൊണ്ടുള്ള ഇടക്കച്ചകെട്ടിയിരുന്നു.

7

നാലു ജീവികളില്‍ ഒന്ന്, എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്റെ ക്രോധം നിറച്ച ഏഴു പൊന്‍കലശങ്ങള്‍ ഏഴു ദൂതന്‍മാര്‍ക്കു കൊടുത്തു.

8

ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും ധൂപംകൊണ്ടു ശ്രീകോവില്‍ നിറഞ്ഞു. ഏഴു ദൂതന്‍മാരുടെ ഏഴു മഹാമാരികളും അവസാനിക്കുവോളം ഒരുവനും ശ്രീകോവിലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.