വെളിപാട് 8

ഏഴാംമുദ്ര, ധൂപകലശം
1

അവന്‍ ഏഴാമത്തെ മുദ്രപൊട്ടിച്ചപ്പോള്‍ അരമണിക്കൂറോളം സ്വര്‍ഗത്തില്‍ നിശ്ശ ബ്ദതയുണ്ടായി.

2

ദൈവസന്നിധിയില്‍ നിന്നിരുന്ന ഏഴു ദൂതന്‍മാരെ ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴു കാഹളങ്ങള്‍ നല്‍കപ്പെട്ടു.

3

മറ്റൊരു ദൂതന്‍ സ്വര്‍ണംകൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനുമുമ്പില്‍ വന്നു നിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്‍മേല്‍ എല്ലാ വിശുദ്ധ രുടെയും പ്രാര്‍ഥനയോടൊപ്പം അര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്‍കപ്പെട്ടു.

4

ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ഥന കളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയര്‍ന്നു.

5

ദൂതന്‍ ധൂപകലശം എടുത്തു ബലിപീഠത്തിലെ അഗ്‌നികൊണ്ടു നിറച്ചു ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ ഇടിമുഴക്കങ്ങളും ഉച്ചഘോഷങ്ങളും മിന്നല്‍ പിണരുകളും ഭൂമികുലുക്കവും ഉണ്ടായി.

നാലു കാഹളങ്ങള്‍
6

ഏഴു കാഹളങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാര്‍ അവ ഊതാന്‍ തയ്യാറായി.

7

ഒന്നാമന്‍ കാഹളം മുഴക്കി; അപ്പോള്‍ രക്തം കലര്‍ന്നതീയും കന്‍മഴയും ഉണ്ടായി; അതു ഭൂമിയില്‍ പതിച്ചു. ഭൂമിയുടെ മൂന്നിലൊരുഭാഗം വെന്തെരിഞ്ഞു; വൃക്ഷങ്ങളില്‍ മൂന്നിലൊന്നും കത്തിച്ചാമ്പലായി; പച്ചപ്പുല്ലുമുഴുവനും കത്തിയെരിഞ്ഞുപോയി.

8

രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. തീപിടിച്ചവലിയ മലപോലെ എന്തോ ഒന്നു കടലിലേക്ക് എറിയപ്പെട്ടു. അപ്പോള്‍ കടലിന്റെ മൂന്നിലൊന്ന് രക്തമായി.

9

കടലിലെ ജീവജാലങ്ങളില്‍ മൂന്നിലൊന്നു ചത്തുപോയി. മൂന്നിലൊരുഭാഗം കപ്പലുകളും നശിപ്പിക്കപ്പെട്ടു.

10

മൂന്നാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ പന്തംപോലെ കത്തുന്ന ഒരു വ ലിയ നക്ഷത്രം ആകാശത്തുനിന്ന് അടര്‍ന്ന്, നദികളുടെ മൂന്നിലൊന്നിന്‍മേലും നീരുറവ കളിന്‍മേലും പതിച്ചു.

11

ആ നക്ഷത്രത്തിന്റെ പേരു തിക്തകം. അതു വീണപ്പോള്‍ ജലത്തിന്റെ മൂന്നിലൊന്നു തിക്തകമായി. ഈ ജലത്താല്‍ അനേകം പേര്‍ മൃതിയട ഞ്ഞു. കാരണം, അതു കയ്പുള്ളതാക്കപ്പെട്ടിരുന്നു.

12

നാലാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ സൂര്യന്റെ മൂന്നിലൊന്നും ചന്ദ്രന്റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും തകര്‍ക്കപ്പെട്ടു. തന്‍മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്റെ മൂന്നിലൊന്നും ഇരുണ്ടുപോയി; അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും.

13

പിന്നെ മധ്യാകാശത്തില്‍ പറക്കുന്ന ഒരു കഴുകനെ ഞാന്‍ കണ്ടു. വലിയ സ്വരത്തില്‍ അത് ഇങ്ങനെ വിളിച്ചുപറയുന്നതും കേട്ടു: ഇനിയും കാഹളം മുഴക്കാനിരിക്കുന്ന മൂന്നു ദൂതന്‍മാരുടെ കാഹളധ്വനിമൂലം ഭൂവാസികള്‍ക്കു ദുരിതം, ദുരിതം, ദുരിതം!