1 തെസലോനിക്കാ 4

പ്രസാദകരമായ ജീവിതം
1

സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയുംയാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍.

2

കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസ നങ്ങളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം.

3

നിങ്ങളുടെ വിശുദ്ധീകരണമാണ്;ദൈവം അഭിലഷിക്കുന്നത്-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;

4

നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം;

5

ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്;

6

ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കര്‍ത്താവ്.

7

അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

8

അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്.

9

സഹോദരസ്‌നേഹത്തെ സംബന്ധിച്ചു നിങ്ങള്‍ക്ക് എഴുതേണ്ടതില്ല. കാരണം, പരസ്പരം സ്‌നേഹിക്കണമെന്നു ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ്.

10

തീര്‍ച്ചയായും, മക്കെദോനിയമുഴുവനിലുമുള്ള സഹോദരരോടു നിങ്ങള്‍ സ്‌നേഹപൂര്‍വം വര്‍ത്തിക്കുന്നുണ്ട്. എങ്കിലും സഹോദരരേ, ഞങ്ങള്‍ ഉപദേശിക്കുന്നു, സ്‌നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുവിന്‍.

11

ശാന്തരായി ജീവിക്കാന്‍ ഉത്‌സാഹിക്കുവിന്‍. സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാകുവിന്‍. സ്വന്തംകൈകൊണ്ട് അധ്വാനിക്കുവിന്‍. ഇതൊക്കെ ഞങ്ങള്‍ നേരത്തെനിങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ.

12

ഇപ്രകാരം ജീവിച്ചാല്‍ അന്യരുടെ മുമ്പില്‍ നിങ്ങള്‍ ബഹുമാനിതരാകും. ഒന്നിനും നിങ്ങള്‍ക്കു പരാശ്രയം വേണ്ടിവരികയില്ല.

കര്‍ത്താവിന്റെ പ്രത്യാഗമനവുംമരിച്ചവരുടെ ഉയിര്‍പ്പും
13

സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.

14

യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.

15

കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.

16

എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.

17

അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.

18

അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍.