ആമോസ് 7

ദര്‍ശനങ്ങള്‍
1

ദൈവമായ കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. രാജവിഹിതമായ പുല്ല് അരിഞ്ഞതിനുശേഷം അതു വീണ്ടും മുളച്ചുതുടങ്ങിയപ്പോള്‍, അവിടുന്ന് ഇതാ വെട്ടുകിളിപ്പറ്റത്തെ സൃഷ്ടിക്കുന്നു.

2

അവനാട്ടിലുള്ള പുല്ലെല്ലാം തിന്നൊടുക്കിയപ്പോള്‍, ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, മാപ്പു നല്‍കുക, ഞാന്‍ യാചിക്കുന്നു. യാക്കോബിന് എങ്ങനെ നിലനില്‍ക്കാനാവും? അവന്‍ തീരെ ചെറിയവനല്ലേ?

3

കര്‍ത്താവ് അതിനെക്കുറിച്ച് അനുതപിച്ചു. ഒരിക്കലും അതു സംഭവിക്കുകയില്ലെന്ന് അവിടുന്ന് അരുളിച്ചെയ്തു.

4

ദൈവമായ കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. ഇതാ, അവിടുന്ന് അഗ്‌നി അയച്ചു ശിക്ഷിക്കാന്‍ ഒരുങ്ങുന്നു. അഗ്‌നി അഗാധങ്ങളെ വിഴുങ്ങിയിട്ട് ഭൂമിയെ ദഹിപ്പിക്കാന്‍ തുടങ്ങി.

5

അപ്പോള്‍, ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, മതിയാക്കുക. ഞാന്‍ യാചിക്കുന്നു. യാക്കോബ് എങ്ങനെ നിലനില്‍ക്കും? അവന്‍ തീരെ ചെറിയവനല്ലേ?

6

കര്‍ത്താവ് അതിനെക്കുറിച്ച് അനുതപിച്ചു; ഒരിക്കലും അതു സംഭവിക്കുകയില്ല, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു.

7

അവിടുന്ന് എനിക്കു മറ്റൊരു ദര്‍ശനം നല്‍കി. ഇതാ, തൂക്കുകട്ടയുടെ സഹായത്തോടെ പണിതുയര്‍ത്തിയ ഒരു മതിലിനോടു ചേര്‍ന്ന് കര്‍ത്താവ് കൈയില്‍ ഒരു തൂക്കുകട്ടയുമായി നില്‍ക്കുന്നു.

8

അവിടുന്ന് ചോദിച്ചു: ആമോസ്, നീ എന്തു കാണുന്നു? ഒരു തൂക്കുകട്ട എന്നു ഞാന്‍ പറഞ്ഞു. കര്‍ത്താവ് തുടര്‍ന്നു: കണ്ടാലും, എന്റെ ജനമായ ഇസ്രായേലിനുമധ്യേ ഞാനൊരു തൂക്കുകട്ട പിടിക്കും. ഇനിമേല്‍ ഞാന്‍ അവരെ വെറുതെ വിടുകയില്ല.

9

ഞാന്‍ ഇസഹാക്കിന്റെ പൂജാഗിരികള്‍ നിര്‍ജനവും ഇസ്രായേലിലെ ആരാധനാകേന്ദ്രങ്ങള്‍ ശൂന്യവുമാക്കും. ജറോബോവാമിന്റെ ഭവനത്തിനെതിരേ ഞാന്‍ വാളുമായിവരും.

ആമോസിനു ബഥേലില്‍ മുടക്ക്
10

അപ്പോള്‍ ബഥേലിലെ പുരോഹിത നായ അമാസിയാ ഇസ്രായേല്‍രാജാവായ ജറോബോവാമിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ ഇസ്രായേല്‍ ഭവനത്തിന്റെ മധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകള്‍ പൊറുക്കാന്‍ നാടിനു കഴിയുന്നില്ല.

11

കാരണം, ജറോബോവാം വാളിനിരയാകും, ഇസ്രായേല്‍ സ്വന്തം നാട്ടില്‍നിന്ന് പ്രവാസത്തിലേക്കു പോകും എന്ന് ആമോസ് പറയുന്നു.

12

അമാസിയാ ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക.

13

ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്റെ ശ്രീകോവിലും രാജ്യത്തിന്റെ ക്‌ഷേത്രവുമാണ്.

14

ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി.

15

ആടുമേയിച്ചു നടന്ന എന്നെ വിളിച്ച് കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലില്‍ചെന്ന് പ്രവചിക്കുക.

16

അതിനാല്‍, ഇപ്പോള്‍ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. ഇസ്രായേലിനെതിരേ പ്രവചിക്കരുതെന്നും ഇസഹാക്കിന്റെ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു.

17

അതിനാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തില്‍ വേശ്യയായിത്തീരും. നിന്റെ പുത്രന്‍മാരും പുത്രികളും വാളിനിരയാകും, നിന്റെ ഭൂമി അളന്നു പങ്കിടും. അശുദ്ധദേശത്തു കിടന്നു നീ മരിക്കും. ഇസ്രായേല്‍ തീര്‍ച്ചയായും സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകും.