ആമോസ് 8

ഇസ്രായേലിന്റെ നാശം
1

ദൈവമായ കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. ഇതാ, ഒരു കുട്ട നിറയെ ഗ്രീഷ്മഫലങ്ങള്‍.

2

അവിടുന്ന് എന്നോടു ചോദിച്ചു: ആമോസ്, നീ എന്തു കാണുന്നു? ഒരു കുട്ട ഗ്രീഷ്മഫലങ്ങള്‍, ഞാന്‍ മറുപടി പറഞ്ഞു. കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിന്റെ അവസാനം വന്നുകഴിഞ്ഞു. ഇനിമേല്‍ ഞാന്‍ അവരെ വെറുതെ വിടുകയില്ല.

3

കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൊട്ടാരത്തില്‍ നിന്നുയരുന്ന ഗാനങ്ങള്‍ അന്നു വിലാപങ്ങളായി പരിണമിക്കും. മൃതദേഹങ്ങള്‍ അനവധിയായിരിക്കും. എല്ലായിടത്തും അവ ചിതറിക്കിടക്കും. എവിടെയും മൂകത!

4

ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍.

5

ധാന്യങ്ങള്‍ വിറ്റഴിക്കേണ്ട തിന് അമാവാസി കഴിയുന്നതെപ്പോള്‍, ഗോതമ്പ് വില്‍ക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും ഷെക്കല്‍ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും

6

ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കു വാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്തു കഴിയുന്നതെപ്പോള്‍ എന്നു നിങ്ങള്‍ ചോദിക്കുന്നു.

7

യാക്കോബിന്റെ അഭിമാനമാണേ, കര്‍ത്താവ് ശപഥം ചെയ്യുന്നു: അവരുടെ പ്രവൃത്തികള്‍ ഞാന്‍ ഒരുനാളും മറക്കുകയില്ല.

8

ഇതുനിമിത്തം ഭൂമി ഇളകിമറിയുകയും ഭൂവാസികള്‍ വിലപിക്കുകയും ചെയ്യുകയില്ലേ? ദേശം മുഴുവന്‍ നൈല്‍പോലെ പതഞ്ഞുപൊങ്ങും; ഈജിപ്തിലെ നൈല്‍ പോലെ ഇളകിമറിയും.

9

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു മധ്യാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കും. നട്ടുച്ചയ്ക്കു ഞാന്‍ ഭൂമിയെ അന്ധകാരത്തില്‍ ആഴ്ത്തും.

10

നിങ്ങളുടെ ഉത്‌സവദിനം മരണ ദിനമായും ഗാനങ്ങള്‍ വിലാപമായും ഞാന്‍ മാറ്റും. സകലരെയും ഞാന്‍ ചാക്കുടുപ്പിക്കും. എല്ലാ ശിരസ്‌സും കഷണ്ടിയാക്കും. അത് ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയാകും. ആദിനം അവസാനംവരെ തിക്തമായിരിക്കും.

11

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്.

12

അന്ന് അവര്‍ കടല്‍മുതല്‍ കടല്‍വരെയും വടക്കു മുതല്‍ കിഴക്കു വരെയും അലഞ്ഞു നടക്കും. കര്‍ത്താവിന്റെ വചനം തേടി അവര്‍ ഉഴലുമെങ്കിലും കണ്ടെണ്ടത്തുകയില്ല.

13

അന്നു സുന്ദരികളായ കന്യകമാരുംയുവാക്കളും ദാഹംകൊണ്ടു മൂര്‍ഛിച്ചുവീഴും.

14

ദാനിന്റെ ദൈവമാണേ, ബേര്‍ഷെബായുടെ മാര്‍ഗമാണേ, എന്നു പറഞ്ഞ് സമരിയായിലെ അഷിമാദേവതയുടെ പേരില്‍ സത്യം ചെയ്യുന്നവര്‍ നിലംപതിക്കും. അവര്‍ ഒരിക്കലും എഴുന്നേല്‍ക്കുകയില്ല.