സഭാപ്രസംഗകന്‍ 11

വിവേകപൂര്‍വം പ്രവര്‍ത്തിക്കുക
1

അപ്പം നീ വെള്ളത്തിലേക്ക് എറിയുക. പല നാളുകള്‍ക്കുശേഷം അതു നീ കണ്ടെത്തും.

2

ഏഴോ എട്ടോ കാര്യങ്ങളില്‍ ധനം മുടക്കുക. ഭൂമിയില്‍ എന്തു തിന്‍മയാണ് സംഭവിക്കുക എന്ന് നീ അറിയുന്നില്ലല്ലോ.

3

മേഘങ്ങള്‍ വെള്ളം നിറയുമ്പോള്‍ അതു നിശ്‌ശേഷം ഭൂമിയിലേക്കു ചൊരിയുന്നു; തെക്കോട്ടോ വടക്കോട്ടോ വീഴുന്ന വൃക്ഷം വീണിടത്തുതന്നെ കിടക്കും.

4

കാറ്റു നോക്കിയിരിക്കുന്നവന്‍ വിതയ്ക്കുകയോ മേഘങ്ങളെ നോക്കിയിരിക്കുന്നവന്‍ കൊയ്യുകയോ ഇല്ല.

5

ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെ എന്ന് അറിയാത്തതുപോലെ സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീ അറിയുന്നില്ല.

6

രാവിലെ വിത്തുവിതയ്ക്കുക, വൈകുന്നേരവും കൈ പിന്‍വലിക്കരുത്, കാരണം, ഏതാണു സഫലമാകുക, ഇതോ, അതോ, അഥവാ രണ്ടുമോ എന്നു നീ അറിയുന്നില്ലല്ലോ.

7

വെളിച്ചം സുഖദമാണ്. സൂര്യനെ നോക്കുന്നത് കണ്ണിനു നല്ലതാണ്.

8

ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവന്‍ അക്കാലമെല്ലാം ആനന്ദിക്കട്ടെ; എന്നാല്‍ അന്ധകാരത്തിന്റെ ദിനങ്ങള്‍ നിരവധി ആയിരിക്കുമെന്ന് ഓര്‍ക്കുകയും ചെയ്യട്ടെ. വരുന്നതെല്ലാം മിഥ്യയാണ്.

യുവത്വവും വാര്‍ധക്യവും
9

യുവാവേ,യുവത്വത്തില്‍ നീ സന്തോഷിക്കുക,യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെന്യായവിധിക്കായി വിളിക്കും.

10

മന സ്‌സില്‍ നിന്ന് ആകുലത അകറ്റുക. ശരീരത്തില്‍ നിന്നു വേദന ദുരീകരിക്കുക;യുവത്വവും ജീവിതത്തിന്റെ പ്രഭാതവും മിഥ്യയാണ്.