എസെക്കിയേല്‍ 15

കരിഞ്ഞമുന്തിരിത്തണ്ട്
1

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:

2

മനുഷ്യപുത്രാ, മുന്തിരിത്തണ്ടിന് മറ്റു വൃക്ഷങ്ങളെക്കാള്‍ എന്തു മേന്‍മ? അതിന്റെ ശാഖകള്‍ക്ക് വനത്തിലെ വൃക്ഷങ്ങളുടെ ശാഖകളെക്കാള്‍ എന്തു ശ്രേഷ്ഠത?

3

എന്തെങ്കിലും നിര്‍മിക്കാന്‍ അതിന്റെ തടി ഉപയോഗിക്കാറുണ്ടോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതില്‍ നിന്നെടുക്കാറുണ്ടോ?

4

വിറ കായി തീയിലിടുമ്പോള്‍ അതിന്റെ രണ്ടറ്റവും കത്തി മധ്യഭാഗം കരിഞ്ഞാല്‍ അത് എന്തിനെങ്കിലും പ്രയോജനപ്പെടുമോ?

5

മുഴുവനോടിരുന്നപ്പോള്‍ അത് ഒന്നിനും ഉപകരിച്ചില്ല. അത് കത്തിക്കരിഞ്ഞശേഷം വല്ലതിനും ഉപകരിക്കുമോ?

6

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വനവൃക്ഷങ്ങള്‍ക്കിടയില്‍ വളരുന്ന മുന്തിരിയുടെ തണ്ടിനെ തീയിലിടുന്നതുപോലെ ജറുസലെംനിവാസികളെ ഞാന്‍ കൈവെടിയും.

7

ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കും. അവര്‍ തീയില്‍നിന്ന് ഓടിയകന്നാലും തീ അവരെ ദഹിപ്പിക്കും. ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും.

8

അവര്‍ അവിശ്വസ്തരായി പെരുമാറിയതുകൊണ്ട് ഞാന്‍ ആ ദേശത്തെ വിജനമാക്കും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.