എസ്രാ 1

പ്രവാസികളുടെ തിരിച്ചുവരവ്
1

ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും അവന്‍ ഒരു വിളംബരമെഴുതി രാജ്യം മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

2

പേര്‍ഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വര്‍ഗത്തിന്റെ ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‍കുകയും യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ആലയം പണിയാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

3

അവിടുത്തെ ജനമായി നിങ്ങളുടെയിടയില്‍ ഉള്ളവര്‍ - അവിടുന്ന് അവരോടു കൂടി ഉണ്ടായിരിക്കട്ടെ - യൂദായിലെ ജറുസലെമില്‍ ചെന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ ആലയം വീണ്ടും നിര്‍മിക്കട്ടെ. ജറുസലെമില്‍ വസിക്കുന്ന ദൈവമാണ് അവിടുന്ന്.

4

അവശേഷിക്കുന്ന ജനം എവിടെ വസിക്കുന്നവരായാലും, അവരെ തദ്‌ദേശവാസികള്‍ ജറുസലെമിലെ ദേവാലയത്തിനു വേണ്ടി സ്വാഭീഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, ഇതരവസ്തുക്കള്‍, മൃഗങ്ങള്‍ എന്നിവനല്‍കി സഹായിക്കട്ടെ.

5

അപ്പോള്‍ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രത്തലവന്‍മാരും പുരോഹിതരും ലേവ്യരും ദൈവത്താല്‍ ഉത്തേജിതരായി ജറുസലെമിലെ കര്‍ത്താവിന്റെ ആലയത്തിന്റെ പുനര്‍നിര്‍മാണത്തിനു പുറപ്പെട്ടു.

6

അവര്‍ വസിച്ചിരുന്ന ദേശത്തെ ആളുകള്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, ഇതരവസ്തുക്കള്‍, മൃഗങ്ങള്‍, വിലയേറിയ സാധനങ്ങള്‍ ഇവനല്‍കി അവരെ സഹായിച്ചു.

7

നബുക്കദ്‌നേസര്‍ ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തില്‍ നിന്നു കൊണ്ടുവന്നു തന്റെ ദേവന്‍മാരുടെ ക്‌ഷേത്രത്തില്‍ വച്ചിരുന്ന പാത്രങ്ങള്‍, സൈറസ് രാജാവ് എടുത്തു കൊണ്ടുവന്നു.

8

അവന്‍ അവ ഭണ്‍ഡാര വിചാരിപ്പുകാരനായ മിത്റേദാത്തിനെ ഏല്‍പിച്ചു. അവന്‍ യൂദായിലെ ഭരണാധിപനായ ഷെഷ്ബസാറിന് അവ എണ്ണിക്കൊടുത്തു.

9

അവയുടെ എണ്ണം: ആയിരം സ്വര്‍ണച്ചരുവങ്ങള്‍, ആയിരം വെള്ളിച്ചരുവങ്ങള്‍, ഇരുപത്തൊന്‍പതു ധൂപകലശങ്ങള്‍,

10

മുപ്പതു സ്വര്‍ണക്കോപ്പകള്‍, രണ്ടായിരത്തിനാനൂറ്റിപ്പത്തു വെള്ളിക്കോപ്പകള്‍,

11

ആയിരം മറ്റു പാത്രങ്ങള്‍; സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ്റിയറുപത്തൊന്‍പത്. പ്രവാസികളെ ബാബിലോണില്‍ നിന്നു ജറുസലെമിലേക്കു കൊണ്ടുവന്നപ്പോള്‍ ഷെഷ്ബസാര്‍ ഇവയും കൊണ്ടുപോന്നു.