ഏശയ്യാ 15

മൊവാബിനെതിരേ
1

മൊവാബിനെ സംബന്ധിച്ചുണ്ടായ അരുളപ്പാട്: ഒറ്റ രാത്രികൊണ്ട് ആര്‍പ്പട്ടണം നിര്‍ജനമായി; മൊവാബ് നശിപ്പിക്കപ്പെട്ടു. ഒറ്റരാത്രികൊണ്ട് കീര്‍ നിര്‍ജനമായി; മൊവാബ് നശിപ്പിക്കപ്പെട്ടു.

2

അതിനാല്‍, ദിബോന്റെ പുത്രി വിലപിക്കാന്‍വേണ്ടി പൂജാഗിരിയിലേക്കു പോയിരിക്കുന്നു. നെബോയെയും മെദേബായെയും കുറിച്ചു മൊവാബ് വിലപിക്കുന്നു. എല്ലാശിരസ്‌സും മുണ്‍ഡനം ചെയ്തിരിക്കുന്നു. എല്ലാവരുടെയും താടി ക്ഷൗരം ചെയ്തിരിക്കുന്നു.

3

തെരുവീഥികളിലൂടെ അവര്‍ ചാക്കുടുത്തു നടക്കുന്നു. പുരമുകളിലും പൊതുസ്ഥലങ്ങളിലും എല്ലാവരും കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു.

4

ഹെഷ്‌ബോണും എലെയാലെയും ഉറക്കെക്കരയുന്നു. അവരുടെ സ്വരംയഹസ്‌വരെ കേള്‍ക്കാം. മൊവാബിലെ ആയുധധാരികളും ഉച്ചത്തില്‍ നിലവിളിക്കുന്നു. അവന്റെ ഹൃദയം വിറകൊള്ളുന്നു.

5

എന്റെ ഹൃദയം മൊവാബിനുവേണ്ടി നിലവിളിക്കുന്നു. അവിടത്തെ ജനം സോവാറിലേക്കും എഗ്‌ളാത്ത് ഷെലീഷിയായിലേക്കും പലായനം ചെയ്യുന്നു. ലുഹിത്തുകയറ്റം അവര്‍ കരഞ്ഞുകൊണ്ടു കയറുന്നു. ഹോറോനയിമിലേക്കുള്ള വഴിയിലും അവര്‍ നാശത്തിന്റെ നിലവിളി ഉയര്‍ത്തുന്നു.

6

നിമ്‌റീമിലെ ജലാശയങ്ങള്‍ വറ്റിവരണ്ടു. പുല്ലുകള്‍ ഉണങ്ങി; ഇളം നാമ്പുകള്‍ വാടിപ്പോയി. പച്ചയായതൊന്നും അവിടെ കാണാനില്ല.

7

അതിനാല്‍ അവര്‍ സമ്പാദിച്ച ധനവും നേടിയതൊക്കെയും അരളിച്ചെടികള്‍ തിങ്ങിനില്‍ക്കുന്ന അരുവിക്കരയിലേക്കു കൊണ്ടുപോകുന്നു.

8

ഒരു നിലവിളി മൊവാബിലാകെ മുഴങ്ങുന്നു. അത് എഗ്‌ലായിമും ബേറെലിമുംവരെ എത്തുന്നു.

9

ദിബോനിലെ ജലാശയങ്ങള്‍ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു. ദിബോന്റെ മേല്‍ ഇതിലധികം ഞാന്‍ വരുത്തും. മൊവാബില്‍നിന്നു രക്ഷപെടുന്നവരുടെയും ദേശത്ത് അവശേഷിക്കുന്നവരുടെയുംമേല്‍ ഒരു സിംഹത്തെ ഞാന്‍ അയയ്ക്കും.