ഏശയ്യാ 62

1

സീയോന്റെ ന്യായം പ്രഭാതംപോലെയും ജറുസലെമിന്റെ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാശിക്കുന്നതുവരെ അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല.

2

ജനതകള്‍ നിന്റെ നീതികരണവും രാജാക്കന്‍മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും. കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും.

3

കര്‍ത്താവിന്റെ കൈയില്‍ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയ മകുടവും.

4

പരിത്യക്തയെന്നു നീയോ, വിജനം എന്നു നിന്റെ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവ് നിന്നില്‍ ആനന്ദം കൊള്ളുന്നു; നിന്റെ ദേശം വിവാഹിതയാകും.

5

യുവാവ് കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.

6

ജറുസലെമേ, നിന്റെ മതിലുകളില്‍ ഞാന്‍ കാവല്‍ക്കാരെ നിര്‍ത്തിയിരിക്കുന്നു. അവര്‍ ഒരിക്കലും, രാത്രിയോ പകലോ, നിശ്ശബ്ദരായിരിക്കുകയില്ല. അവളുടെ ഓര്‍മ കര്‍ത്താവില്‍ ഉണര്‍ത്തുന്നവരേ, നിങ്ങള്‍ വിശ്രമിക്കരുത്:

7

ജറുസലെമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയില്‍ പ്രശംസാപാത്രമാക്കുകയും ചെയ്യുന്നതുവരെ അവിടുത്തേക്കു വിശ്രമം നല്‍കുകയുമരുത്.

8

തന്റെ വലത്തുകൈയ്, ബലിഷ്ഠമായ ഭുജം, ഉയര്‍ത്തി കര്‍ത്താവ് സത്യം ചെയ്തിരിക്കുന്നു: ഇനി നിന്റെ ധാന്യങ്ങള്‍ നിന്റെ ശത്രുക്കള്‍ക്കു ഭക്ഷണമായി ഞാന്‍ നല്‍കുകയില്ല; നീ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് വിദേശികള്‍ കുടിക്കുകയില്ല.

9

സംഭരിക്കുന്നവര്‍ തന്നെ അതു ഭക്ഷിച്ച് കര്‍ത്താവിനെ സ്തുതിക്കും. ശേഖരിക്കുന്നവര്‍തന്നെ അത് എന്റെ വിശുദ്ധാങ്കണത്തില്‍വച്ച് പാനം ചെയ്യും.

10

കടന്നുപോകുവിന്‍; കവാടങ്ങളിലൂടെ കടന്നുചെന്ന് ജനത്തിനു വഴിയൊരുക്കുവിന്‍. പണിയുവിന്‍, കല്ലുകള്‍ നീക്കി രാജപാത പണിയുവിന്‍. ഒരു അടയാളം ഉയര്‍ത്തുവിന്‍, ജനതകള്‍ അറിയട്ടെ!

11

ഭൂമിയുടെ അതിര്‍ത്തികള്‍വരെ കര്‍ത്താവ് പ്രഘോഷിക്കുന്നു: സീയോന്‍ പുത്രിയോടു പറയുക, ഇതാ, നിന്റെ രക്ഷ വരുന്നു. ഇതാ, അവിടുത്തെ പ്രതിഫലം അവിടുത്തോടുകൂടെ; സമ്മാനം അവിടുത്തെ മുന്‍പിലും.

12

കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട വിശുദ്ധജനമെന്ന് അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്തനഗരം, എന്നു നീ വിളിക്കപ്പെടും.