ജോബ് 35

ദൈവത്തിന്റെ ക്ഷമ
1

എലീഹു പറഞ്ഞു:

2

ഇതു നീതിയാണെന്നു നിനക്കു തോന്നുന്നുവോ? ദൈവത്തിന്റെ മുന്‍പാകെ നിഷ്‌കളങ്കനാണെന്നു നിനക്കു പറയാന്‍ കഴിയുമോ?

3

എനിക്ക് എന്തു ഗുണം, പാപിയാകാതിരുന്നാല്‍ എന്തു മെച്ചം എന്നു നീ ചോദിക്കുന്നു.

4

ഞാന്‍ നിനക്കും നിന്നോടുകൂടെയുള്ള സ്‌നേഹിതന്‍മാര്‍ക്കും മറുപടി നല്‍കാം:

5

ആകാശത്തിലേക്കു നോക്കിക്കാണുക; ഇതാ, നിന്നെക്കാള്‍ ഉയര്‍ന്ന മേഘങ്ങള്‍.

6

നീ പാപം ചെയ്തുവെങ്കില്‍ അവിടുത്തേക്ക് എതിരായി നീ എന്തു നേടി? നിന്റെ അകൃത്യങ്ങള്‍ പെരുകിയാല്‍ അത് അവിടുത്തെ ബാധിക്കുമോ?

7

നീ നീതിമാനാണെങ്കില്‍ അവിടുത്തേക്ക് എന്തുകൊടുക്കുന്നു? അല്ലെങ്കില്‍, നിന്നില്‍ നിന്ന് അവിടുന്ന് എന്തു സ്വീകരിക്കുന്നു?

8

നിന്റെ ദുഷ്ടത നിന്നെപ്പോലെ ഒരുവനെ സ്പര്‍ശിക്കുന്നു; നിന്റെ നീതിയും അങ്ങനെ തന്നെ.

9

മര്‍ദനങ്ങളുടെ ആധിക്യം നിമിത്തം മനുഷ്യര്‍ നിലവിളിക്കുന്നു; ശക്തരുടെ കരം നിമിത്തം അവര്‍ സഹായത്തിനു വേണ്ടി മുറവിളികൂട്ടുന്നു.

10

മര്‍ദനങ്ങളുടെ ആധിക്യം നിമിത്തം മനുഷ്യര്‍ നിലവിളിക്കുന്നു; ശക്തരുടെ കരം നിമിത്തം അവര്‍ സഹായത്തിനു വേണ്ടി മുറവിളികൂട്ടുന്നു.

11

എന്നാല്‍, രാത്രിയില്‍ ആനന്ദഗീതങ്ങള്‍ പകരുന്നവനും മൃഗങ്ങളെക്കാള്‍ ബുദ്ധിയും ആകാശപ്പറവകളെക്കാള്‍ അറിവും നല്‍കുന്നവനുമായ എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ആരും ചോദിക്കുന്നില്ല.

12

അവിടെ അവര്‍ നിലവിളിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ അഹങ്കാരം നിമിത്തം അവിടുന്ന് ഉത്തരം നല്‍കുന്നില്ല.

13

തീര്‍ച്ചയായും പൊള്ളയായ നിലവിളി ദൈവം ശ്രവിക്കുകയില്ല; സര്‍വശക്തന്‍ അതു പരിഗണിക്കുകയുമില്ല.

14

നീ അവിടുത്തെ കാണുന്നില്ലെന്നും നിന്റെ പരാതികള്‍ അവിടുത്തെമുന്‍പിലാണെന്നും നീ അവിടുത്തെ കാത്തിരിക്കുകയാണെന്നും പറയുമ്പോള്‍, ആ പരിഗണന കുറവായിരിക്കും.

15

ഇപ്പോള്‍ അവിടുത്തെ കോപം ശിക്ഷ നല്‍കാത്തതുകൊണ്ടും അവിടുന്ന് പാപങ്ങള്‍ അധികം ശ്രദ്ധിക്കാത്തതുകൊണ്ടും,

16

ജോബ് പൊള്ളവാക്കുകള്‍ ഉതിര്‍ക്കുന്നു; അര്‍ഥമില്ലാത്ത വാക്കുകള്‍ ചൊരിയുന്നു.