ജോഷ്വാ 20

അഭയനഗരങ്ങള്‍
1

കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക,

2

ഞാന്‍ മോശയോടു കല്‍പിച്ചതുപോലെ സങ്കേത നഗരങ്ങള്‍ നിര്‍മിക്കുവിന്‍.

3

ആരെങ്കിലും അബദ്ധവശാല്‍ ആരെയെങ്കിലും കൊല്ലാന്‍ ഇടയായാല്‍ അവന് അഭയം തേടാന്‍ വേണ്ടിയാണിത്. രക്തത്തിനു പ്രതികാരം ചെയ്യുന്നവനില്‍ നിന്ന് രക്ഷപെടാനുള്ള സങ്കേതമായിരിക്കും അവ.

4

കുറ്റക്കാരന്‍ ഇവയില്‍ ഏതെങ്കിലും നഗരത്തിലേക്ക് ഓടി, കവാടത്തില്‍ നിന്ന് അവിടത്തെ ശ്രേഷ്ഠന്‍മാരോട് തന്റെ കാര്യം വിവരിച്ചു പറയണം. അപ്പോള്‍, അവര്‍ അവനു വസിക്കാന്‍ പട്ടണത്തില്‍ ഒരു സ്ഥലം നല്‍കണം.

5

അവന്‍ അവരോടുകൂടെ വസിക്കട്ടെ. രക്തത്തിനു പ്രതികാരം ചെയ്യുന്നവന്‍ പിന്തുടര്‍ന്നു വന്നാല്‍, അവര്‍ അഭയാര്‍ഥിയെ അവന്റെ കൈകളില്‍ ഏല്‍പിക്കരുത്. മുന്‍ ശത്രുതയില്ലാതെ അബദ്ധത്താലാണല്ലോ അവന്‍ വധം നടത്തിയത്.

6

പ്രധാന പുരോഹിതന്‍ മരിക്കുന്നതുവരെയോ താന്‍ സമൂഹസമക്ഷം വിധിക്കപ്പെടുന്നതുവരെയോ അവന്‍ ആ പട്ടണത്തില്‍ താമസിക്കട്ടെ. അതിനുശേഷം അവന്‍ സ്വന്തം പട്ടണത്തിലേക്കും സ്വന്തം ഭവനത്തിലേക്കും തിരിച്ചു പോകട്ടെ.

7

നഫ്താലിയുടെ മലമ്പ്രദേശത്തുള്ള ഗലീലിയിലെ കേദേഷ്, എഫ്രായിം മലമ്പ്രദേശത്തുള്ള ഷെക്കെം, യൂദായിലെ മലമ്പ്രദേശത്തുള്ള കിരിയാത്ത്അര്‍ബാ, ഹെബ്രോണ്‍ എന്നീ പട്ടണങ്ങള്‍ അവര്‍ അഭയനഗരങ്ങളാക്കി.

8

ജറീക്കോയ്ക്കു കിഴക്ക് ജോര്‍ദാനു മറുകരയില്‍ റൂബന്‍ ഗോത്രക്കാര്‍ക്ക് അവകാശമായി ലഭിച്ച സമതലത്തിലെ ബേസറും ഗാദ്‌ഗോത്രക്കാര്‍ക്ക് ലഭിച്ച ഗിലയാദിലെ റാമോത്തും മനാസ്‌സെ ഗോത്രത്തിന്റെ അവ കാശമായ ബാഷാനിലെ ഗോലാനും അവര്‍ തിരഞ്ഞെടുത്തു.

9

അബദ്ധവശാല്‍ ആരെങ്കിലും ഒരാളെ കൊന്നാല്‍ ഓടി രക്ഷപെടുന്നതിനും സമൂഹസമക്ഷം വിചാരണ ചെയ്യുന്നതുവരെ രക്തപ്രതികാരകന്റെ കരങ്ങളാല്‍ വധിക്കപ്പെടാതിരിക്കുന്നതിനും വേണ്ടി ഇസ്രായേല്‍ജനത്തിനും അവരുടെയിടയില്‍ വസിക്കുന്ന പരദേശികള്‍ക്കുമായി നീക്കിവച്ച പട്ടണങ്ങളാണിവ.