ലേവ്യര്‍ 23

തിരുനാളുകള്‍
1

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

2

ഇസ്രായേല്‍ ജനത്തോടു പറയുക, വിശുദ്ധ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍ ഇവയാണ്.

സാബത്ത്
3

ആറുദിവസം നിങ്ങള്‍ ജോലി ചെയ്യണം; ഏഴാംദിവസം സമ്പൂര്‍ണവിശ്രമത്തിനും വിശുദ്ധ സമ്മേളനത്തിനുമുള്ള സാബത്താണ്. അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും കര്‍ത്താവിന്റെ സാബത്താണ്.

4

നിശ്ചിത കാലത്ത് നിങ്ങള്‍ പ്രഖ്യാപിക്കേണ്ട കര്‍ത്താവിന്റെ തിരുനാളുകള്‍, വിശുദ്ധസമ്മേളനങ്ങള്‍ ഇവയാണ്.

പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍
5

ഒന്നാം മാസം പതിന്നാലാം ദിവസം വൈകുന്നേരം കര്‍ത്താവിന്റെ പെസഹായാണ്.

6

ആ മാസം പതിനഞ്ചാം ദിവസം കര്‍ത്താവിനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.

7

ഒന്നാംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനത്തിനുള്ളതായിരിക്കണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.

8

ഏഴു ദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. ഏഴാം ദിവസം വിശുദ്ധ സമ്മേളനമുണ്ടായിരിക്കണം. നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.

ആദ്യഫലങ്ങളുടെ തിരുനാള്‍
9

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

10

ഇസ്രായേല്‍ ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍ പോകുന്ന ദേശത്ത് എത്തിച്ചേരുകയും അവിടെ നിങ്ങള്‍ വിളവെടുക്കുകയും ചെയ്യുമ്പോള്‍ കൊയ്ത്തിലെ ആദ്യഫലമായ കറ്റ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.

11

നിങ്ങള്‍ കര്‍ത്താവിനു സ്വീകാര്യരാകാന്‍ വേണ്ടി ആ കറ്റ പുരോഹിതന്‍ അവിടുത്തെ മുന്‍പില്‍ നീരാജനം ചെയ്യണം; സാബത്തിന്റെ പിറ്റേദിവസം അവന്‍ അതു ചെയ്യട്ടെ.

12

കറ്റ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കുന്ന ദിവസംതന്നെ ഒരു വയസ്‌സുള്ള ഊനമറ്റ ഒരു മുട്ടാടിനെ നിങ്ങള്‍ അവിടുത്തേക്കു ദഹനബലിയായി സമര്‍പ്പിക്കണം.

13

അതോടൊപ്പമുള്ള ധാന്യബലി എണ്ണ ചേര്‍ത്ത പത്തില്‍ രണ്ട് ഏഫാ നേരിയ മാവായിരിക്കണം. അതു സൗരഭ്യമുള്ള ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിക്കണം. പാനീയബലിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും അര്‍പ്പിക്കണം.

14

നിങ്ങള്‍ ദൈവത്തിന് ഈ കാഴ്ച സമര്‍പ്പിക്കുന്ന ദിവസംവരെ അപ്പമോ മലരോ കതിരോ ഭക്ഷിക്കരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കും തലമുറതോറുമുള്ള ഒരു നിയമമാണിത്.

ആഴ്ചകളുടെ തിരുനാള്‍
15

സാബത്തിന്റെ പിറ്റേദിവസം മുതല്‍, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതല്‍ ഏഴു പൂര്‍ണമായ ആഴ്ച കള്‍ നിങ്ങള്‍ കണക്കാക്കണം.

16

ഏഴാമത്തെ സാബത്തിന്റെ പിറ്റേ ദിവസം, അതായത് അന്‍പതാം ദിവസം കര്‍ത്താവിനു പുതിയ ധാന്യങ്ങള്‍കൊണ്ടു നിങ്ങള്‍ ധാന്യബലി അര്‍പ്പിക്കണം.

17

നീരാജനത്തിനായി നിങ്ങളുടെ വസതികളില്‍ നിന്നു പത്തില്‍ രണ്ട് ഏഫാ മാവുകൊണ്ടുണ്ടാക്കിയ രണ്ട് അപ്പം കൊണ്ടുവരണം. കര്‍ത്താവിന് ആദ്യഫലമായി സമര്‍പ്പിക്കുന്ന അതു നേരിയ മാവുകൊണ്ടുണ്ടാക്കിയതും പുളിപ്പിച്ചതുമായിരിക്കണം.

18

അപ്പത്തോടുകൂടെ ഒരു വയസ്‌സുള്ള ഊനമറ്റ ഏഴു ചെമ്മരിയാട്ടിന്‍ കുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടുകളെയും കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിക്കണം. ധാന്യബലിയോടും പാനീയബലിയോടും കൂടിയ അത് കര്‍ത്താവിനു സൗരഭ്യദായകമായ ദഹനബലിയായിരിക്കും.

19

തുടര്‍ന്ന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിക്കായും ഒരു വയസ്‌സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ സമാധാനബലിക്കായും കാഴ്ച വയ്ക്കണം.

20

പുരോഹിതന്‍ അത് ആദ്യഫലങ്ങളുടെ അപ്പത്തോടും രണ്ട് ആട്ടിന്‍കുട്ടികളോടുംകൂടെ നീരാജനമായി കര്‍ത്താവിന്റെ സന്നിധിയില്‍ കാഴ്ചവയ്ക്കണം. അവ കര്‍ത്താവിനു വിശുദ്ധമായിരിക്കും; അവ പുരോഹിതനുള്ളതുമാണ്.

21

അന്നുതന്നെ നിങ്ങള്‍ ഒരു വിശുദ്ധസമ്മേളനം പ്രഖ്യാപിക്കണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറതോറും എന്നേക്കുമുള്ള ഒരു നിയമമാണിത്.

22

നിങ്ങള്‍ വയലില്‍ കൊയ്യുമ്പോള്‍ അരികു തീര്‍ത്തു കൊയ്യരുത്. വിളവെടുപ്പിനുശേഷം കാലാ പെറുക്കരുത്. അതു പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി വിട്ടുകൊടുക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.

പുതുവത്‌സരദിനം
23

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

24

ഇസ്രായേല്‍ജനത്തോടു പറയുക, ഏഴാംമാസം ആദ്യദിവസം നിങ്ങള്‍ക്കു സാബത്തായിരിക്കണം; കാഹളംമുഴക്കി പ്രഖ്യാപിക്കേണ്ട അനുസ്മരണദിനവും വിശുദ്ധസമ്മേളനദിനവും.

25

അന്നു നിങ്ങള്‍ കഠിനമായ ജോലിയൊന്നും ചെയ്യരുത്; കര്‍ത്താവിന് ഒരു ദഹനബലിയര്‍പ്പിക്കുകയും വേണം.

പാപപരിഹാരദിനം
26

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:

27

ഏഴാം മാസം പത്താംദിവസം പാപപരിഹാര ദിനമായിരിക്കണം. അതു വിശുദ്ധ സമ്മേളനത്തിനുള്ള ദിവസവുമാണ്. അന്ന് ഉപവസിക്കുകയും കര്‍ത്താവിന് ദഹനബലി അര്‍പ്പിക്കുകയും വേണം.

28

ആ ദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ പാപത്തിനു പരിഹാരം ചെയ്യുന്ന ദിനമാണ് അത്.

29

അന്ന് ഉപവസിക്കാത്തവന്‍ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.

30

അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാന്‍ ജനത്തില്‍ നിന്ന് ഉന്‍മൂലനംചെയ്യും.

31

നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്. നിങ്ങളുടെ വാസസ്ഥലങ്ങളില്‍ തലമുറതോറും എന്നേക്കുമുള്ള നിയമമാണിത്.

32

ആദിവസം നിങ്ങള്‍ക്കു പൂര്‍ണവിശ്രമത്തിന്റെ സാബത്തായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. മാസത്തിന്റെ ഒന്‍പതാം ദിവസം വൈകുന്നേരം മുതല്‍ പിറ്റേന്ന് വൈകുന്നേരം വരെ സാബത്ത് ആചരിക്കണം.

കൂടാരത്തിരുനാള്‍
33

കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:

34

ഇസ്രായേല്‍ ജനത്തോടു പറയുക, ഏഴാംമാസം പതിനഞ്ചാം ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് കര്‍ത്താവിന്റെ കൂടാരത്തിരുനാളാണ്.

35

ആദ്യദിവസം ഒരു വിശുദ്ധസമ്മേളനം കൂടണം. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.

36

ഏഴുദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം. എട്ടാംദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം; കര്‍ത്താവിനു ദഹനബലിയും അര്‍പ്പിക്കണം. ഇത് ആഘോഷത്തോടുകൂടിയ സമ്മേളനമാണ്. അന്നു നിങ്ങള്‍ കഠിനാധ്വാനം ചെയ്യരുത്.

37

കര്‍ത്താവിനു ദഹനബലിയും ധാന്യബലിയും പാനീയബലിയും മറ്റു ബലികളും അര്‍പ്പിക്കേണ്ടതും വിശുദ്ധസമ്മേളനമായി നിങ്ങള്‍ പ്രഖ്യാപിക്കേണ്ടതും ആയ കര്‍ത്താവിന്റെ നിര്‍ദിഷ്ട തിരുനാളുകളാണ് ഇവ.

38

കര്‍ത്താവിന്റെ സാബത്തിനും കര്‍ത്താവിനു നല്‍കുന്ന വഴിപാടുകള്‍ക്കും കാഴ്ചകള്‍ക്കും സ്വാഭീഷ്ടബലികള്‍ക്കും പുറമേയാണ് ഇവ.

39

ഏഴാംമാസം പതിനഞ്ചാം ദിവസം വയലിലെ വിളവുശേഖരിച്ചതിനുശേഷം ഏഴുദിവസം നിങ്ങള്‍ കര്‍ത്താവിന് ഒരു തിരുനാള്‍ ആചരിക്കണം. ആദ്യദിവസവും എട്ടാം ദിവസവും സാബത്തായിരിക്കണം.

40

ഒന്നാം ദിവസം ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇലതൂര്‍ന്ന ചില്ലകളും ആറ്റരളിക്കൊമ്പുകളും എടുക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ ഏഴുദിവസം സന്തോഷിച്ചാഹ്‌ളാദിക്കണം.

41

വര്‍ഷംതോറും ഏഴുദിവസം കര്‍ത്താവിന്റെ തിരുനാളായി ആഘോഷിക്കണം. നിങ്ങളുടെ സന്തതികള്‍ക്കുള്ള ശാശ്വത നിയമമാണിത്. ഏഴാംമാസത്തില്‍ ഈ തിരുനാള്‍ നിങ്ങള്‍ ആഘോഷിക്കണം.

42

ഏഴു ദിവസത്തേക്ക് നിങ്ങള്‍ കൂടാരങ്ങളില്‍ വസിക്കണം.

43

ഈജിപ്തുദേശത്തു നിന്നു ഞാന്‍ ഇസ്രായേല്‍ ജനത്തെ കൊണ്ടുവന്നപ്പോള്‍ അവര്‍ കൂടാരങ്ങളിലാണു വസിച്ചത് എന്നു നിങ്ങളുടെ സന്തതിപരമ്പര അറിയാന്‍ ഇസ്രായേല്‍ക്കാരെല്ലാവരും കൂടാരങ്ങളില്‍ വസിക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.

44

ഇപ്രകാരം മോശ ഇസ്രായേല്‍ ജനത്തോട് കര്‍ത്താവിന്റെ നിര്‍ദിഷ്ടതിരുനാളുകള്‍ പ്രഖ്യാപിച്ചു.