മത്തായി 1

യേശുവിന്റെ വംശാവലി (ലൂക്കാ 3: 233 : 38 )
1

അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.

2

അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെയും യാക്കോബ് യൂദായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു.

3

താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ്‌ഹെസ്‌റോന്റെയും ഹെസ്‌റോന്‍ ആരാമിന്റെയും പിതാവായിരുന്നു.

4

ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്‌ഷോന്റെയും നഹ്‌ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു.

5

സല്‍മോന്‍ റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും

6

ബോവാസ് റൂത്തില്‍നിന്നു ജനിച്ച ഓബദിന്റെയും ഓബദ് ജസ്‌സെയുടെയും ജസ്‌സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു. ദാവീദ് ഊറിയായുടെ ഭാര്യയില്‍നിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.

7

സോളമന്‍ റഹോബോവാമിന്റെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു.

8

ആസാ യോസഫാത്തിന്റെയും യോസഫാത്ത് യോറാമിന്റെയും യോറാം ഓസിയായുടെയും

9

ഓസിയാ യോഥാമിന്റെയും യോഥാം ആഹാസിന്റെയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്‌സെയുടെയും

10

മനാസ്‌സെ ആമോസിന്റെയും ആമോസ് ജോസിയായുടെയും പിതാവായിരുന്നു.

11

ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ചയാക്കോണിയായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു ജോസിയാ.

12

യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.

13

സൊറൊബാബേല്‍ അബിയൂദിന്റെയും അബിയൂദ് എലിയാക്കിമിന്റെയും

14

എലിയാക്കിം ആസോറിന്റെയും ആസോര്‍ സാദോക്കിന്റെയും സാദോക്ക് അക്കീമിന്റെയും

15

അക്കീം എലിയൂദിന്റെയും എലിയൂദ് എലെയാസറിന്റെയും എലെയാസര്‍ മഥാന്റെയും മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.

16

യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.

17

ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.

യേശുവിന്റെ ജനനം (ലൂക്കാ 2: 12 : 7 )
18

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.

19

അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

20

അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.

21

അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.

22

കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.

23

ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.

24

ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.

25

പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു.