സങ്കീര്‍ത്തനങ്ങള്‍ 101
ഞാന്‍ കരുണയെയും നീതിയെയുംകുറിച്ചു പാടും; കര്‍ത്താവേ, ഞാന്‍ അങ്ങേക്കു കീര്‍ത്തനമാലപിക്കും.
നിഷ്‌കളങ്കമാര്‍ഗത്തില്‍ ചരിക്കാന്‍ ഞാന്‍ ശ്രദ്ധവയ്ക്കും; എപ്പോഴാണ് അങ്ങ് എന്റെ അടുക്കല്‍ വരുക? ഞാന്‍ എന്റെ ഭവനത്തില്‍പരമാര്‍ഥഹൃദയത്തോടെ വ്യാപരിക്കും.
നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാന്‍ വെറുക്കുന്നു; അതിന്റെ പിടിയില്‍ ഞാന്‍ അകപ്പെടുകയില്ല.
ഹൃദയവക്രത എന്നെതീണ്ടുകയില്ല; ഒരു തിന്‍മയും ഞാന്‍ അറിയുകയില്ല.
അയല്‍ക്കാരനെതിരേ ഏഷണിപറയുന്നവനെ ഞാന്‍ നശിപ്പിക്കും; അഹങ്കാരിയെയും ഗര്‍വിഷ്ഠനെയുംഞാന്‍ പൊറുപ്പിക്കുകയില്ല.
ദേശത്തുള്ള വിശ്വസ്തരെ ഞാന്‍ പ്രീതിയോടെ വീക്ഷിക്കും; അവര്‍ എന്നോടൊത്തു വസിക്കും; നിഷ്‌കളങ്കമാര്‍ഗത്തില്‍ ചരിക്കുന്നവന്‍എന്റെ സേവകനായിരിക്കും.
വഞ്ചനചെയ്യുന്ന ഒരുവനുംഎന്റെ ഭവനത്തില്‍ വസിക്കുകയില്ല; നുണപറയുന്ന ഒരുവനും എന്റെ സന്നിധിയില്‍ തുടരാനാവുകയില്ല.
ദേശത്തെ ദുഷ്‌കര്‍മികളെപ്രഭാതംതോറും ഞാന്‍ നിഗ്രഹിക്കും; കര്‍ത്താവിന്റെ നഗരത്തില്‍നിന്ന്അധര്‍മികളെ ഞാന്‍ നിര്‍മാര്‍ജനം ചെയ്യും.