സങ്കീര്‍ത്തനങ്ങള്‍ 39

മനുഷ്യന്‍ നിഴല്‍മാത്രം
1

ഞാന്‍ പറഞ്ഞു: നാവുകൊണ്ടു പാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്റെ വഴികള്‍ ശ്രദ്ധിക്കും; എന്റെ മുന്‍പില്‍ ദുഷ്ടര്‍ ഉള്ളിടത്തോളം കാലം നാവിനു ഞാന്‍ കടിഞ്ഞാണിടും.

2

ഞാന്‍ മൂകനും നിശ്ശബ്ദനുമായിരുന്നു; എന്റെ നിശ്ശബ്ദത നിഷ്ഫലമായി, എന്റെ സങ്കടം വര്‍ധിച്ചുകൊണ്ടേയിരുന്നു,

3

എന്റെ ഉള്ളില്‍ ഹൃദയം തപിച്ചു; ഞാന്‍ ചിന്തിച്ചപ്പോള്‍ അതു കത്തിജ്വലിച്ചു; ഞാന്‍ സംസാരിച്ചു:

4

കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്‌സിന്റെ ദൈര്‍ഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്രക്ഷണികമാണെന്നു ഞാനറിയട്ടെ!

5

ഇതാ, അവിടുന്ന് എന്റെ ദിവസങ്ങള്‍ ഏതാനും അംഗുലം മാത്രമാക്കിയിരിക്കുന്നു; എന്റെ ജീവിതകാലം അങ്ങയുടെ ദൃഷ്ടിയില്‍ ശൂന്യപ്രായമായിരിക്കുന്നു. മനുഷ്യന്‍ ഒരു നിശ്വാസം മാത്രം!

6

മനുഷ്യന്‍ നിഴല്‍ മാത്രമാണ്, അവന്റെ ബദ്ധപ്പാടു വെറുതെയാണ്, മനുഷ്യന്‍ സമ്പാദിച്ചുകൂട്ടുന്നു; ആരനുഭവിക്കുമെന്ന് അവന്‍ അറിയുന്നില്ല.

7

കര്‍ത്താവേ, ഞാന്‍ എന്താണു കാത്തിരിക്കേണ്ടത്? എന്റെ പ്രത്യാശ അങ്ങയിലാണല്ലോ.

8

എന്റെ എല്ലാ അതിക്രമങ്ങളിലും നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ ഭോഷന്റെ നിന്ദയ്ക്കുപാത്രമാക്കരുതേ!

9

ഞാന്‍ ഊമനാണ്; ഞാനെന്റെ വായ് തുറക്കുന്നില്ല; അവിടുന്നാണല്ലോ ഇതു വരുത്തിയത്.

10

ഇനിയും എന്നെ പ്രഹരിക്കരുതേ! അവിടുത്തെ അടിയേറ്റു ഞാന്‍ തളര്‍ന്നിരിക്കുന്നു.

11

പാപം നിമിത്തം മനുഷ്യനെ അങ്ങുശിക്ഷിക്കുമ്പോള്‍ ‍, അവനു പ്രിയങ്കരമായതിനെയെല്ലാം അവിടുന്നു കീടത്തെപ്പോലെ നശിപ്പിക്കുന്നു. മനുഷ്യന്‍ ഒരു നിശ്വാസം മാത്രം!

12

കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി ചെവിക്കൊള്ളണമേ! ഞാന്‍ കണ്ണീരൊഴുക്കുമ്പോള്‍ അങ്ങ് അടങ്ങിയിരിക്കരുതേ! ഞാന്‍ അങ്ങേക്ക് അല്‍പനേരത്തേക്കുമാത്രമുള്ള അതിഥിയാണ്; എന്റെ പിതാക്കന്‍മാരെപ്പോലെ ഞാനും ഒരു പരദേശിയാണ്.

13

ഞാന്‍ മറഞ്ഞില്ലാതാകുന്നതിനു മുന്‍പ്, സന്തോഷമെന്തെന്ന് അറിയാന്‍ എന്നില്‍നിന്നു ദൃഷ്ടി പിന്‍വലിക്കണമേ!