സങ്കീര്‍ത്തനങ്ങള്‍ 43

വെളിച്ചമേ, നയിച്ചാലും.
1

ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ! വഞ്ചകരും നീതിരഹിതരും ആയവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ!

2

ദൈവമേ, ഞാന്‍ അഭയം തേടിയിരിക്കുന്നത് അങ്ങയിലാണല്ലോ, അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്? ശത്രുവിന്റെ പീഡനംമൂലം എനിക്കു വിലപിക്കേണ്ടിവന്നത് എന്തുകൊണ്ട്?

3

അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.

4

അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു തന്നെ; ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.

5

എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.