സങ്കീര്‍ത്തനങ്ങള്‍ 6

ദുഃഖിതന്റെ വിലാപം
1

കര്‍ത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!

2

കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണ തോന്നണമേ! കര്‍ത്താവേ, എന്റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ!

3

എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയും എത്രനാള്‍!

4

കര്‍ത്താവേ, എന്റെ ജീവന്‍രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ മോചിപ്പിക്കണമേ!

5

മൃതരുടെ ലോകത്ത് ആരും അങ്ങയെ അനുസ്മരിക്കുന്നില്ല; പാതാളത്തില്‍ ആര് അങ്ങയെ സ്തുതിക്കും?

6

കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, രാത്രിതോറും ഞാന്‍ കണ്ണീരൊഴുക്കി, എന്റെ തലയണ കുതിര്‍ന്നു, കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു.

7

ദുഃഖംകൊണ്ട് എന്റെ കണ്ണുമങ്ങുന്നു; ശത്രുക്കള്‍ നിമിത്തം അതു ക്ഷയിക്കുന്നു.

8

അധര്‍മികളേ, എന്നില്‍ നിന്ന് അകന്നു പോകുവിന്‍ ; കര്‍ത്താവ് എന്റെ വിലാപം കേട്ടിരിക്കുന്നു.

9

കര്‍ത്താവ് എന്റെ യാചന ശ്രവിക്കുന്നു; അവിടുന്ന് എന്റെ പ്രാര്‍ഥന കൈക്കൊള്ളുന്നു.

10

എന്റെ സകല ശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും.