സങ്കീര്‍ത്തനങ്ങള്‍ 77

വഴിനടത്തുന്ന ദൈവം
1

ഞാന്‍ ദൈവത്തോട് ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്ഷിക്കും.

2

കഷ്ടദിനങ്ങളില്‍ ഞാന്‍ കര്‍ത്താവിനെഅന്വേഷിക്കുന്നു; രാത്രി മുഴുവന്‍ ഞാന്‍ കൈവിരിച്ചുപിടിച്ചു; ഒന്നിനും എന്നെ ആശ്വസിപ്പിക്കാനായില്ല.

3

ഞാന്‍ ദൈവത്തെ ഓര്‍ക്കുകയുംവിലപിക്കുകയും ചെയ്യുന്നു; ഞാന്‍ ധ്യാനിക്കുകയും എന്റെ മനസ്‌സ്ഇടിയുകയും ചെയ്യുന്നു.

4

കണ്ണുചിമ്മാന്‍ അവിടുന്ന് എന്നെഅനുവദിക്കുന്നില്ല; സംസാരിക്കാനാവാത്തവിധം ഞാന്‍ ആകുലനാണ്.

5

ഞാന്‍ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുന്നു; പണ്ടത്തെ സംവത്‌സരങ്ങളെ സ്മരിക്കുന്നു.

6

രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ മുഴുകുന്നു; ഞാന്‍ ധ്യാനിക്കുകയും എന്റെ ആത്മാവില്‍ ഈ ചോദ്യമുയരുകയും ചെയ്തു:

7

കര്‍ത്താവ് എന്നേക്കുമായി തള്ളിക്കളയുമോ? ഇനി ഒരിക്കലും അവിടുന്നുപ്രസാദിക്കുകയില്ലേ?

8

അവിടുത്തെ കരുണ എന്നേക്കുമായിനിലച്ചുവോ? അവിടുത്തെ വാഗ്ദാനങ്ങള്‍ എന്നേക്കുമായി അവസാനിച്ചുവോ?

9

കൃപ കാണിക്കാന്‍ ദൈവം മറന്നുപോയോ? അവിടുന്നു കോപത്താല്‍ തന്റെ കരുണയുടെ വാതില്‍ അടച്ചുകളഞ്ഞുവോ?

10

അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ് എന്റെ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു.

11

ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ഓര്‍മിക്കും; പണ്ട് അങ്ങു ചെയ്തഅദ്ഭുതങ്ങള്‍ ഞാന്‍ അനുസ്മരിക്കും.

12

ഞാന്‍ അങ്ങയുടെ സകല പ്രവൃത്തികളെയും പറ്റി ധ്യാനിക്കും; അങ്ങയുടെ അദ്ഭുതകരമായ പ്രവൃത്തികളെപ്പറ്റി ചിന്തിക്കും.

13

ദൈവമേ, അങ്ങയുടെ മാര്‍ഗംപരിശുദ്ധമാണ്; നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്?

14

അങ്ങാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്തി വെളിപ്പെടുത്തിയതും അങ്ങുതന്നെ.

15

അവിടുത്തെ കരം അവിടുത്തെ ജനത്തെ, യാക്കോബിന്റെയും ജോസഫിന്റെയും സന്തതികളെ, രക്ഷിച്ചു.

16

ദൈവമേ, സമുദ്രം അങ്ങയുടെ മുന്‍പില്‍പരിഭ്രമിച്ചു; അങ്ങയെക്കണ്ട് അഗാധംഭയന്നുവിറച്ചു.

17

മേഘം ജലം വര്‍ഷിച്ചു; ആകാശം ഇടിമുഴക്കി; അങ്ങയുടെ അസ്ത്രങ്ങള്‍ എല്ലാവശത്തും മിന്നിപ്പാഞ്ഞു.

18

അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍മാറ്റൊലിക്കൊണ്ടു; അങ്ങയുടെ മിന്നലുകള്‍ ലോകത്തെ പ്രകാശിപ്പിച്ചു; ഭൂമി നടുങ്ങിവിറച്ചു.

19

അങ്ങയുടെ വഴി സമുദ്രത്തിലൂടെയും അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയും ആയിരുന്നു; അങ്ങയുടെ കാല്‍പാടുകള്‍ അദൃശ്യമായിരുന്നു.

20

മോശയുടെയും അഹറോന്റെയുംനേതൃത്വത്തില്‍ അങ്ങയുടെ ജനത്തെ ഒരു ആട്ടിന്‍കൂട്ടത്തെയെന്നപോലെ അങ്ങു നയിച്ചു.