സങ്കീര്‍ത്തനങ്ങള്‍ 88

പരിത്യക്തന്റെ വിലാപം
1

കര്‍ത്താവേ, പകല്‍ മുഴുവന്‍ ഞാന്‍ സഹായത്തിനപേക്ഷിക്കുന്നു; രാത്രിയില്‍ അങ്ങയുടെ സന്നിധിയില്‍നിലവിളിക്കുന്നു.

2

എന്റെ പ്രാര്‍ഥന അങ്ങയുടെ മുന്‍പില്‍എത്തുമാറാകട്ടെ! എന്റെ നിലവിളിക്കു ചെവിചായിക്കണമേ!

3

എന്റെ ആത്മാവു ദുഃഖപൂര്‍ണമാണ്; എന്റെ ജീവന്‍ പാതാളത്തിന്റെ വക്കിലെത്തിയിരിക്കുന്നു.

4

പാതാളത്തില്‍ പതിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു; എന്റെ ശക്തി ചോര്‍ന്നുപോയി.

5

മരിച്ചവരുടെയിടയില്‍ പരിത്യജിക്കപ്പെട്ടവനെപ്പോലെയും ശവകുടീരത്തില്‍ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയും, അങ്ങ് ഇനി ഒരിക്കലും ഓര്‍ക്കാത്തവരെപ്പോലെയും ഞാന്‍ അങ്ങില്‍നിന്നുവിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു.

6

അങ്ങ് എന്നെ പാതാളത്തിന്റെ അടിത്തട്ടില്‍, അന്ധകാരപൂര്‍ണവും അഗാധവുമായതലത്തില്‍, ഉപേക്ഷിച്ചിരിക്കുന്നു.

7

അങ്ങയുടെ ക്രോധം എന്നെ ഞെരുക്കുന്നു; അങ്ങയുടെ തിരമാലകള്‍ എന്നെ മൂടുന്നു.

8

കൂട്ടുകാര്‍ എന്നെ വിട്ടകലാന്‍ അങ്ങ് ഇടയാക്കി, അവര്‍ക്ക് എന്നെ ബീഭത്‌സ വസ്തുവാക്കി; രക്ഷപെടാന്‍ ആവാത്തവിധം അങ്ങ് എന്നെതടവിലാക്കി.

9

ദുഃഖംകൊണ്ട് എന്റെ കണ്ണു മങ്ങിപ്പോകുന്നു; കര്‍ത്താവേ, എന്നും ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു; ഞാന്‍ അങ്ങയുടെ സന്നിധിയിലേക്കു കൈകള്‍ ഉയര്‍ത്തുന്നു.

10

മരിച്ചവര്‍ക്കുവേണ്ടി അങ്ങ് അദ്ഭുതംപ്രവര്‍ത്തിക്കുമോ? നിഴലുകള്‍ അങ്ങയെ പുകഴ്ത്താന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമോ?

11

ശവകുടീരത്തില്‍ അങ്ങയുടെ സ്‌നേഹവും വിനാശത്തില്‍ അങ്ങയുടെ വിശ്വസ്തതയും പ്രഘോഷിക്കുമോ?

12

അന്ധകാരത്തില്‍ അങ്ങയുടെ അദ്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെരക്ഷാകരസഹായവും അറിയപ്പെടുമോ?

13

കര്‍ത്താവേ, ഞാന്‍ അങ്ങയോടുനിലവിളിച്ചപേക്ഷിക്കുന്നു; പ്രഭാതത്തില്‍ എന്റെ പ്രാര്‍ഥന അങ്ങയുടെ സന്നിധിയില്‍ എത്തുന്നു.

14

കര്‍ത്താവേ, അങ്ങ് എന്നെതള്ളിക്കളയുന്നതെന്തുകൊണ്ട്? എന്നില്‍നിന്നു മുഖം മറയ്ക്കുന്നതെന്തുകൊണ്ട്?

15

ചെറുപ്പം മുതല്‍ ഇന്നോളം ഞാന്‍ പീഡിതനും മരണാസന്നനുമായി, അങ്ങയുടെ ഭീകര ശിക്ഷകള്‍ സഹിക്കുന്നു; ഞാന്‍ നിസ്‌സഹായനാണ്.

16

അങ്ങയുടെ ക്രോധം എന്റെ നേരേകവിഞ്ഞൊഴുകി; അങ്ങയുടെഭീകരാക്രമങ്ങള്‍ എന്നെ നശിപ്പിക്കുന്നു.

17

പെരുവെള്ളംപോലെ അതു നിരന്തരം എന്നെ വലയംചെയ്യുന്നു; അവ ഒരുമിച്ച് എന്നെ പൊതിയുന്നു.

18

സ്‌നേഹിതരെയും അയല്‍ക്കാരെയും അങ്ങ് എന്നില്‍നിന്ന് അകറ്റിയിരിക്കുന്നു; അന്ധകാരം മാത്രമാണ് എന്റെ സഹചരന്‍.