പ്രഭാഷകന്‍ 11

1

ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു.

2

അഴകിന് അമിതവില കല്‍പിക്കരുത്. അഴകില്ലെന്നോര്‍ത്ത് അവഗണിക്കരുത്.

3

പറക്കുന്ന ജീവികളില്‍ തേനീച്ച എത്ര ചെറുത്! എന്നാല്‍, അത് ഉത്പാദിപ്പിക്കുന്ന വസ്തു മാധുര്യമുള്ളവയില്‍ അതിശ്രേഷ്ഠം.

4

വസ്ത്രമോടിയില്‍ അഹങ്കരിക്കരുത്, ബഹുമാനിതനാകുമ്പോള്‍ ഞെളിയരുത്, എന്തെന്നാല്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മയകരവും മനുഷ്യദൃഷ്ടിക്ക് അഗോചരവുമാണ്.

5

കിരീടധാരികള്‍ തറപറ്റുന്നു; ഒന്നുമല്ലാത്തവന്‍ കിരീടമണിയുന്നു.

6

എത്രയോ മന്നന്‍മാര്‍ അവമാനിതരായിട്ടുണ്ട്! എത്രയോ പ്രസിദ്ധന്‍മാര്‍ കരുണയ്ക്ക്‌കൈക്കുമ്പിള്‍ നീട്ടിയിട്ടുണ്ട്!

സംയമനം പാലിക്കുക
7

അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്; ആദ്യം ആലോചന, പിന്നെ ശാസനം.

8

കേള്‍ക്കുന്നതിനുമുമ്പു മറുപടി പറയരുത്; ഇടയ്ക്കുകയറി പറയരുത്.

9

വേണ്ടാത്തകാര്യത്തില്‍ തലയിടരുത്; പാപികളുടെ വിധിത്തീര്‍പ്പില്‍പങ്കാളിയാകരുത്.

10

മകനേ, പലകാര്യങ്ങളില്‍ ഒന്നിച്ച് ഇടപെടരുത്; കാര്യങ്ങള്‍ ഏറിയാല്‍ തെറ്റുപറ്റാന്‍ എളുപ്പമുണ്ട്. പലതിന്റെ പുറകേ ഓടിയാല്‍ ഒന്നും പൂര്‍ത്തിയാകുകയില്ല; പിന്നെ ഒഴിഞ്ഞുമാറാന്‍ നോക്കിയാല്‍രക്ഷപെടുകയുമില്ല.

11

നിരന്തരം അധ്വാനിക്കുകയുംക്ലേശിക്കുകയും ചെയ്തിട്ടുംദാരിദ്ര്യം ഒഴിയാത്തവരുണ്ട്.

12

വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്; എന്നാല്‍, കര്‍ത്താവ് അവരെ കടാക്ഷിച്ച് ദയനീയാവസ്ഥയില്‍നിന്ന് ഉയര്‍ത്തുന്നു.

13

അനേകരെ വിസ്മയിപ്പിക്കുമാറ് അവിടുന്ന് അവര്‍ക്കു മാന്യസ്ഥാനം നല്‍കുന്നു.

14

ഭാഗ്യവും നൈര്‍ഭാഗ്യവും,

15

ജീവനും മരണവും,

16

ദാരിദ്ര്യവും, ഐശ്വര്യവും, കര്‍ത്താവില്‍നിന്നു വരുന്നു.

17

കര്‍ത്താവിന്റെ ദാനങ്ങള്‍ ദൈവഭക്തനില്‍നിന്ന് ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐശ്വര്യംപ്രദാനം ചെയ്യും.

18

നിരന്തരമായ പ്രയത്‌നംകൊണ്ടുംലോഭംകൊണ്ടും ധനികരാകുന്നവരുണ്ട്; ഇതാണ് അവരുടെ നേട്ടം.

19

ഞാന്‍ വിശ്രമം കണ്ടെത്തി; എന്റെ സമ്പത്തില്‍ ഞാന്‍ ആനന്ദിക്കുംഎന്ന് അവന്‍ പറയുന്നു; എല്ലാം വെടിഞ്ഞ് ലോകംവിടാന്‍എത്രനേരമുണ്ടെന്ന് അവന്‍ അറിയുന്നില്ല

ദൈവത്തില്‍ ആശ്രയം
20

നിന്റെ കര്‍ത്തവ്യങ്ങള്‍ നിഷ്ഠയോടെഅനുഷ്ഠിക്കുക; വാര്‍ദ്ധക്യംവരെ ജോലിചെയ്യുക.

21

പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്ഒരു നിമിഷം മതി.

22

കര്‍ത്താവിന്റെ അനുഗ്രഹമാണ്‌ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരംകൊണ്ടു പൂവണിയുന്നു.

23

എനിക്കിനി എന്തുവേണം, എന്തുസന്തോഷമാണ് ഇനി കിട്ടാനുള്ളത്എന്നു നീ പറയരുത്.

24

എനിക്കുവേണ്ടതെല്ലാം ഉണ്ട്, എന്ത് ആപത്തു വരാനാണ് എന്നും പറയരുത്.

25

ഐശ്വര്യത്തില്‍ കഷ്ടത വിസ്മരിക്കപ്പെടുന്നു; കഷ്ടതയില്‍ ഐശ്വര്യവും.

26

മൃത്യുദിനത്തിലും പ്രവൃത്തിക്കൊത്തപ്രതിഫലം നല്‍കാന്‍ കര്‍ത്താവിനു കഴിയും.

27

ഒരു നാഴികനേരത്തെ വേദന കഴിഞ്ഞകാലത്തെ സുഖങ്ങള്‍ മുഴുവന്‍മായിച്ചുകളയുന്നു; ജീവിതാന്തത്തില്‍ മനുഷ്യന്റെ യഥാര്‍ഥസ്വഭാവം വെളിപ്പെടും.

28

മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്; മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക.

യഥാര്‍ഥ സ്‌നേഹിതന്‍
29

എല്ലാവരെയും വീട്ടിലേക്കു വിളിക്കരുത്; കൗശലക്കാരന്റെ ഉപായങ്ങള്‍ നിരവധിയാണ്.

30

കൂട്ടിലടച്ച പക്ഷിയെപ്പോലെയാണ് അഹങ്കാരിയുടെ മനസ്‌സ്; ചാരനെപ്പോലെ അവന്‍ നിന്റെ ദൗര്‍ബല്യങ്ങള്‍ ഉറ്റുനോക്കുന്നു.

31

നന്‍മയെ തിന്‍മയാക്കാന്‍ അവന്‍ നോക്കിയിരിക്കുകയാണ്; സത്പ്രവൃത്തികളിലും അവന്‍ കുറ്റം കണ്ടുപിടിക്കും.

32

കാട്ടുതീ പടര്‍ത്താന്‍ ഒരു കനല്‍ മതി; രക്തച്ചൊരിച്ചിലിന് അവസരംപാര്‍ത്തിരിക്കുകയാണു പാപി.

33

നീചനെ സൂക്ഷിക്കുക; അവന്റെ മനസ്‌സുനിറയെ തിന്‍മയാണ്; അവന്‍ നിന്റെ മേല്‍ മായാത്ത കറപുരട്ടും.

34

അപരിചിതനെ വീട്ടില്‍ കയറ്റിയാല്‍അവന്‍ നിന്നെ ദ്രോഹിക്കും; സ്വഭവനത്തില്‍ നീ അന്യനായിത്തീരും.