പ്രഭാഷകന്‍ 8

1

ശക്തനോടു മത്‌സരിക്കരുത്‌നീ അവന്റെ പിടിയില്‍പ്പെടും.

2

ധനവാനുമായി കലഹിക്കരുത്;അവന്‍ നിന്നെ നശിപ്പിക്കും. സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്.

3

വായാടിയോടു വാദിച്ച് അവന്റെ അഗ്‌നിയില്‍ വിറകിട്ടു കൊടുക്കരുത്.

4

സംസ്‌കാരശൂന്യനോട് അധികം അടുക്കരുത്; നിന്റെ പൂര്‍വികന്‍മാര്‍കൂടി അപമാനമേല്‍ക്കും.

5

പശ്ചാത്തപിക്കുന്ന പാപിയെപരിഹസിക്കരുത്; നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ഓര്‍ക്കണം.

6

വൃദ്ധരെ നിന്ദിക്കരുത്; നമുക്കും പ്രായമാവുകയല്ലേ?

7

ആരുടെയും മരണത്തില്‍ സന്തോഷിക്കരുത്; നമുക്കും മരണമുണ്ട്.

8

ജ്ഞാനികളുടെ മൊഴികളെ നിസ്‌സാരമാക്കരുത്; ആപ്തവാക്യങ്ങള്‍ ഹൃദിസ്ഥമാക്കുക; അവനിന്നെ പ്രബോധിപ്പിക്കും; മഹാന്‍മാരെ സേവിക്കേണ്ടതെങ്ങനെയെന്നു നീ ശീലിക്കുകയും ചെയ്യും.

9

വൃദ്ധരുടെ ഉപദേശം ആദരിക്കുക; എന്തുകൊണ്ടെന്നാല്‍, അവര്‍തന്നെതങ്ങളുടെ പിതാക്കന്‍മാരില്‍നിന്നാണു പഠിച്ചത്. അവരില്‍നിന്നു നിനക്ക് അറിവു ലഭിക്കും; അവസരത്തിനൊത്തു മറുപടിപറയാന്‍ നിനക്കു കഴിയും.

10

പാപിയുടെ കനല്‍ ഊതിക്കത്തിക്കരുത്; അതിന്റെ ജ്വാലയില്‍ നീ ദഹിച്ചുപോകും.

11

ഉദ്ധതനോടു കിടമത്‌സരം വേണ്ടാ; നിന്റെ വാക്കുകള്‍കൊണ്ടുതന്നെ അവന്‍ നിനക്കു കെണിയൊരുക്കും.

12

നിന്നെക്കാള്‍ പ്രബലനു കടംകൊടുക്കരുത്; കൊടുത്താല്‍, പോയതുതന്നെ.

13

കഴിവിനപ്പുറം ജാമ്യം നില്‍ക്കരുത്; നിന്നാല്‍, പണം കരുതിക്കൊള്ളുക.

14

ന്യായാധിപനെതിരേ വ്യവഹരിക്കരുത്; വിധി അവന് അനുകൂലമായേവരൂ.

15

വഴക്കാളിയോടുകൂടെ നടക്കരുത്; അവന്‍ നിനക്കു ഭാരമായിത്തീരും; അവന്‍ തോന്നുംപടി നടന്ന് നിന്നെയും അപകടത്തില്‍ ചാടിക്കും.

16

ക്ഷിപ്രകോപിയോടു വഴക്കിനു നില്‍ക്കുകയോ അവനോടൊത്തു വിജനപ്രദേശത്തുസഞ്ചരിക്കുകയോ അരുത്; രക്തംചൊരിയാന്‍ അവനു മടിയില്ല; സഹായിക്കാന്‍ ആരുമില്ലെന്നു കണ്ടാല്‍,അവന്‍ അടിച്ചു വീഴ്ത്തും.

17

ഭോഷന്റെ ഉപദേശം തേടരുത്; അവനു രഹസ്യം സൂക്ഷിക്കാനാവില്ല.

18

ഗോപ്യമായിരിക്കേണ്ടതൊന്നും അന്യര്‍ കാണ്‍കെ ചെയ്യരുത്. അവന്‍ അത് എങ്ങനെ മുതലാക്കുമെന്ന്ആര്‍ക്കറിയാം!

19

എല്ലാവരോടും എല്ലാം തുറന്നുപറയരുത്; അതു നിന്റെ സന്തോഷം കെടുത്തിയേക്കാം.