പുറപ്പാട് 11

അവസാനത്തെ മഹാമാരി
1

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഫറവോയുടെയും ഈജിപ്തിന്റെയുംമേല്‍ ഒരു മഹാമാരികൂടി അയയ്ക്കും. അപ്പോള്‍ അവന്‍ നിങ്ങളെ പോകാന്‍ അനുവദിക്കും; അല്ല, നിങ്ങളെ ബഹിഷ്‌കരിക്കുകതന്നെചെയ്യും.

2

ഓരോ പുരുഷനും തന്റെ അയല്‍ക്കാരനോടും ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ ചോദിച്ചു വാങ്ങണമെന്ന് നീ ജനത്തോടു പറയണം.

3

ഈജിപ്തുകാര്‍ ഇസ്രായേല്‍ക്കാരെ ബഹുമാനിക്കാന്‍ കര്‍ത്താവ് ഇടയാക്കി. ഫറവോയുടെ സേവകരും ജനങ്ങളും മോശയെ ഈജിപ്തിലെ ഒരു മഹാപുരുഷനായി കരുതി.

4

മോശ പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അര്‍ധരാത്രിയില്‍ ഈജിപ്തിലൂടെ കടന്നുപോകും.

5

സിംഹാസനത്തിലിരിക്കുന്ന ഫറവോ മുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെയുള്ള എല്ലാ ഈജിപ്തുകാരുടെയും ആദ്യജാതന്‍മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചാകും.

6

ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേള്‍ക്കാനിടയില്ലാത്തതുമായ ഒരു വലിയ നിലവിളി ഈജിപ്തില്‍ നിന്നുയരും.

7

എന്നാല്‍, ഇസ്രായേല്‍ക്കാര്‍ക്കോ അവരുടെ മൃഗങ്ങള്‍ക്കോ എതിരേ ഒരു പട്ടിപോലും ശബ്ദിക്കയില്ല. ഈജിപ്തുകാര്‍ക്കും ഇസ്രായേല്‍ക്കാര്‍ക്കും തമ്മില്‍ കര്‍ത്താവു ഭേദം കല്‍പിക്കുന്നുവെന്ന് അങ്ങനെ നിങ്ങള്‍ മനസ്‌സിലാക്കും.

8

അപ്പോള്‍ നിന്റെ ഈ സേവകരെല്ലാം എന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ച്, നീയും കൂടെയുള്ള ജനങ്ങളും പൊയ്‌ക്കൊള്ളുക എന്നുപറയും. അപ്പോള്‍ ഞാന്‍ പുറപ്പെടും. മോശ ഉഗ്രകോപത്തോടെ ഫറവോയുടെ മുന്‍പില്‍നിന്ന് ഇറങ്ങിപ്പോയി.

9

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഈജിപ്തില്‍ എന്റെ അദ്ഭുതങ്ങള്‍ വര്‍ധിക്കാനിടയാവും വിധം ഫറവോ നിങ്ങളുടെ വാക്ക് അവഗണിക്കും.

10

മോശയും അഹറോനും ഫറവോയുടെ സന്നിധിയില്‍ ഈ അദ്ഭുതങ്ങളെല്ലാം പ്രവര്‍ത്തിച്ചു. എന്നാല്‍, കര്‍ത്താവു ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ ഇസ്രായേല്‍ക്കാരെ തന്റെ രാജ്യത്തുനിന്നു വിട്ടയച്ചില്ല.