സംഖ്യ 12

മിരിയാം ശിക്ഷിക്കപ്പെടുന്നു
1

മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെ പ്രതി മിരിയാമും അഹറോനും അവനെതിരായി സംസാരിച്ചു.

2

കര്‍ത്താവു മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്ന് അവര്‍ ചോദിച്ചു.

3

കര്‍ത്താവ് അതു കേട്ടു. മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ചു സൗമ്യനായിരുന്നു.

4

കര്‍ത്താവ് ഉടനെതന്നെ മോശയോടും അഹറോനോടും മിരിയാമിനോടും പറഞ്ഞു: നിങ്ങള്‍ മൂവരും പുറത്തു സമാഗമകൂടാരത്തിലേക്കു വരുവിന്‍.

5

അവര്‍ വെളിയില്‍ വന്നു. കര്‍ത്താവ് മേഘസ്തംഭത്തില്‍ ഇറങ്ങിവന്നു സമാഗമകൂടാരവാതില്‍ക്കല്‍ നിന്നിട്ട് അഹറോനെയും മിരിയാമിനെയും വിളിച്ചു.

6

അവര്‍ മുന്നോട്ടു ചെന്നു. അവിടുന്ന് അരുളിച്ചെയ്തു: എന്റെ വചനം ശ്രവിക്കുക; നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും.

7

എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്‍പിച്ചിരിക്കുന്നു.

8

അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?

9

കര്‍ത്താവിന്റെ കോപം അവര്‍ക്കെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ വിട്ടുപോയി.

10

കൂടാരത്തിന്റെ മുകളില്‍നിന്നു മേഘം നീങ്ങിയപ്പോള്‍ മിരിയാം കുഷ്ഠം പിടിച്ചു മഞ്ഞുപോലെ വെളുത്തു. അഹറോന്‍ തിരിഞ്ഞു നോക്കിയപ്പേള്‍ അവള്‍ കുഷ്ഠരോഗിണിയായിത്തീര്‍ന്നതു കണ്ടു.

11

അഹറോന്‍ മോശയോടു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണു പ്രവര്‍ത്തിച്ചത്; ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ!

12

ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തു വരുമ്പോള്‍ത്തന്നെ ശരീരം പകുതി അഴുകിയിരിക്കുന്ന മരിച്ച ശിശുവിനെപ്പോലെ അവള്‍ ആകരുതേ!

13

മോശ കര്‍ത്താവിനോടു നിലവിളിച്ചു: ഞാന്‍ കേണപേക്ഷിക്കുന്നു, ദൈവമേ, അവളെ സുഖപ്പെടുത്തണമേ!

14

കര്‍ത്താവു മോശയോടു പറഞ്ഞു: തന്റെ അപ്പന്‍ മുഖത്തു തുപ്പിയാല്‍പ്പോലും അവള്‍ ഏഴു ദിവസം ലജ്ജിച്ചിരിക്കയില്ലേ? ഏഴു ദിവസം അവളെ പാളയത്തിനു പുറത്തു പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.

15

അങ്ങനെ മിരിയാമിനെ ഏഴു ദിവസത്തേക്കു പാളയത്തില്‍നിന്നു പുറത്താക്കി. അവളെ അകത്തു പ്രവേശിപ്പിക്കുന്നതു വരെ ജനം യാത്ര പുറപ്പെട്ടില്ല.

16

അതിനുശേഷം അവര്‍ ഹസേറോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍മരുഭൂമിയില്‍ പാളയമടിച്ചു.