സങ്കീര്‍ത്തനങ്ങള്‍ 118

വിജയം ലഭിച്ചതിനു നന്ദി
1

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

2

അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

3

അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ!

4

അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്റെ ഭക്തന്‍മാര്‍ പറയട്ടെ!

5

ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ പ്രാര്‍ഥനകേട്ട് അവിടുന്ന്എന്നെ മോചിപ്പിച്ചു.

6

കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്,ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?

7

എന്നെ സഹായിക്കാന്‍ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്; ഞാന്‍ എന്റെ ശത്രുക്കളുടെ പതനം കാണും.

8

മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.

9

പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.

10

ജനതകള്‍ എന്നെ വലയം ചെയ്തു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.

11

അവരെന്നെ വലയംചെയ്തു;എല്ലാവശത്തുംനിന്ന് അവരെന്നെ വളഞ്ഞു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെവിച്‌ഛേദിച്ചു.

12

തേനീച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുള്‍പ്പടര്‍പ്പിനു പിടിച്ച തീപോലെ അവര്‍ആളിക്കത്തി; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്‌ഛേദിച്ചു.

13

അവര്‍ തള്ളിക്കയറി; ഞാന്‍ വീഴുമായിരുന്നു; എന്നാല്‍, കര്‍ത്താവ് എന്റെ സഹായത്തിനെത്തി.

14

കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്;അവിടുന്ന് എനിക്കു രക്ഷ നല്‍കി.

15

ഇതാ, നീതിമാന്‍മാരുടെ കൂടാരത്തില്‍ജയഘോഷമുയരുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.

16

കര്‍ത്താവിന്റെ വലത്തുകൈമഹത്വമാര്‍ജിച്ചിരിക്കുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.

17

ഞാന്‍ മരിക്കുകയില്ല, ജീവിക്കും;ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

18

കര്‍ത്താവ് എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാല്‍, അവിടുന്ന് എന്നെമരണത്തിനേല്‍പിച്ചില്ല.

19

നീതിയുടെ കവാടങ്ങള്‍ എനിക്കായിതുറന്നുതരുക; ഞാന്‍ അവയിലൂടെപ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.

20

ഇതാണു കര്‍ത്താവിന്റെ കവാടം;നീതിമാന്‍മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.

21

അവിടുന്ന് എനിക്കുത്തരമരുളി; അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്ദിപറയും.

22

പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ല്മൂലക്കല്ലായിത്തീര്‍ന്നു.

23

ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍വിസ്മയാവഹമായിരിക്കുന്നു.

24

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.

25

കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!

26

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും.

27

കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്; മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.

28

അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്റെ ദൈവം;ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.

29

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെകാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.