സങ്കീര്‍ത്തനങ്ങള്‍ 26
കര്‍ത്താവേ, എനിക്കു ന്യായം സ്ഥാപിച്ചു തരണമേ! എന്തെന്നാല്‍ , ഞാന്‍ നിഷ്‌കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു.
കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്റെ ഹൃദയവും മനസ്‌സും ഉരച്ചുനോക്കുക.
അങ്ങയുടെ കാരുണ്യം എന്റെ കണ്‍മുന്‍പിലുണ്ട്; അങ്ങയുടെ സത്യത്തില്‍ ഞാന്‍ വ്യാപരിച്ചു.
കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല.
ദുഷ്‌കര്‍മികളുടെ സമ്പര്‍ക്കം ഞാന്‍ വെറുക്കുന്നു; നീചന്‍മാരോടുകൂടെ ഞാന്‍ ഇരിക്കുകയില്ല.
കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ ഞാന്‍ എന്റെ കൈ കഴുകുന്നു; ഞാന്‍ അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു.
ഞാന്‍ ഉച്ചത്തില്‍ കൃതജ്ഞതാസ്‌തോത്രം ആലപിക്കുന്നു; അവിടുത്തെ അദ്ഭുതകരമായ സകല പ്രവൃത്തികളെയും ഞാന്‍ പ്രഘോഷിക്കുന്നു.
കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്.
പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ! രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും.
അവരുടെ കൈകളില്‍ കുതന്ത്രങ്ങളാണ്; അവരുടെ വലത്തുകൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.
ഞാനോ നിഷ്‌കളങ്കതയില്‍ വ്യാപരിക്കുന്നു; എന്നെ രക്ഷിക്കുകയും എന്നോടു കരുണകാണിക്കുകയും ചെയ്യണമേ!
നിരപ്പായ ഭൂമിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും.