സങ്കീര്‍ത്തനങ്ങള്‍ 53

ദൈവനിഷേധകന്റെ മൗഢ്യം
1

ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല.

2

ദൈവം സ്വര്‍ഗത്തില്‍ നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.

3

എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി, നന്‍മചെയ്യുന്നവനില്ല- ഒരുവന്‍ പോലുമില്ല.

4

ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനതയെ അപ്പം പോലെ തിന്നൊടുക്കുന്നു; ഇവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.

5

അതാ, അവര്‍ പരിഭ്രാന്തരായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! ദൈവം അധര്‍മികളുടെ അസ്ഥികള്‍ ചിതറിക്കും; അവര്‍ ലജ്ജിതരാകും; ദൈവം അവരെ കൈവെടിഞ്ഞിരിക്കുന്നു.

6

ഇസ്രായേലിന്റെ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍ ‍! ദൈവം തന്റെ ജനത്തിന്റെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബ് ആനന്ദിക്കും, ഇസ്രായേല്‍ സന്തോഷിക്കും.