സങ്കീര്‍ത്തനങ്ങള്‍ 56
ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍ എന്നെ പീഡിപ്പിക്കുന്നു.
ദിവസം മുഴുവനും എന്റെ ശത്രുക്കള്‍ എന്നെ ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു ഗര്‍വോടെ യുദ്ധം ചെയ്യുന്നു.
ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.
ആരുടെ വചനത്തെ ഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?
ദിവസം മുഴുവനും അവര്‍ എന്നെ ദ്രോഹിക്കാന്‍ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെ എന്നെ ഉപദ്രവിക്കാമെന്നാണ്.
അവര്‍ കൂട്ടംകൂടി പതിയിരിക്കുന്നു; അവര്‍ എന്റെ പ്രാണനുവേണ്ടി പതിയിരുന്ന് എന്റെ കാലടികളെ നിരീക്ഷിക്കുന്നു.
അവരുടെ അകൃത്യത്തിനു തക്കപ്രതിഫലം നല്‍കണമേ! ദൈവമേ, ക്രോധത്തോടെ ജനതകളെ തകര്‍ക്കണമേ!
അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു.
ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ , ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ,
ആ കര്‍ത്താവില്‍ , നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?
ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍ നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.
ഞാന്‍ ദൈവസന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്റെ ജീവനെ മരണത്തില്‍ നിന്നും, എന്റെ പാദങ്ങളെ വീഴ്ചയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു.