സങ്കീര്‍ത്തനങ്ങള്‍ 65

സമൃദ്ധി ചൊരിയുന്ന ദൈവം
1

ദൈവമേ, സീയോനില്‍ വസിക്കുന്നഅങ്ങു സ്തുത്യര്‍ഹനാണ്; അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.

2

പ്രാര്‍ഥന ശ്രവിക്കുന്നവനേ, മര്‍ത്യരെല്ലാം പാപഭാരവുമായി അങ്ങയുടെ സന്നിധിയില്‍ വരുന്നു.

3

അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നു.

4

അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍ അങ്ങുതന്നെ തിരഞ്ഞെടുത്തുകൊണ്ടു വരുന്നവന്‍ ഭാഗ്യവാന്‍ ‍; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ, വിശുദ്ധമന്ദിരത്തിലെ,നന്‍മകൊണ്ടു സംതൃപ്തരാകും.

5

ഞങ്ങളുടെ രക്ഷയായ ദൈവമേ, ഭീതികരമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, ഭൂമി മുഴുവന്റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്.

6

അവിടുന്നു ശക്തികൊണ്ട് അര മുറുക്കി പര്‍വതങ്ങളെ ഉറപ്പിക്കുന്നു.

7

അവിടുന്നു സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ അലര്‍ച്ചയും ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.

8

ഭൂമിയുടെ വിദൂരമായ അതിരുകളില്‍ വസിക്കുന്നവരും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍കണ്ടു ഭയപ്പെടുന്നു. ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകള്‍ ആനന്ദം കൊണ്ട് ആര്‍ത്തുവിളിക്കാന്‍ അങ്ങ് ഇടയാക്കുന്നു.

9

അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു, അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു; ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു; അവിടുന്നു ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം നല്‍കുന്നു.

10

അവിടുന്ന് അതിന്റെ ഉഴവുചാലുകളെ സമൃദ്ധമായി നനയ്ക്കുന്നു; കട്ടയുടച്ചുനിരത്തുകയും മഴവര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു; അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.

11

സംവത്‌സരത്തെ അവിടുന്നു സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു; അങ്ങയുടെ രഥത്തിന്റെ ചാലുകള്‍പുഷ്ടി പൊഴിക്കുന്നു.

12

മരുപ്രദേശത്തെ പുല്‍പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നു; കുന്നുകള്‍ സന്തോഷം അണിയുന്നു.

13

മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു; താഴ്‌വരകള്‍ ധാന്യം കൊണ്ടു മൂടിയിരിക്കുന്നു; സന്തോഷം കൊണ്ട് അവ ആര്‍ത്തുപാടുന്നു.