എസെക്കിയേല്‍ 9

ജറുസലെമിനു ശിക്ഷ
1

അവിടുന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളേന്തി അടുത്തുവരുവിന്‍.

2

ഇതാ, ആറുപേര്‍ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്റെ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും കൈയില്‍ മാരകായുധമുണ്ടായിരുന്നു. ചണവസ്ത്രം ധരിച്ച ഒരുവന്‍ അവരുടെകൂടെ ഉണ്ടായിരുന്നു. അവന്റെ പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുടെ സഞ്ചി തൂക്കിയിട്ടിരുന്നു. അവര്‍ ഓടുകൊണ്ടുള്ള ബലിപീഠത്തിനു സമീപം ചെന്നുനിന്നു.

3

ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം കെരൂബുകളില്‍നിന്നുയര്‍ന്ന് ആലയത്തിന്റെ വാതില്‍പടിക്കലെത്തി; അവിടുന്ന് ചണവസ്ത്രം ധരിച്ച് പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുമായി നിന്ന വനെ വിളിച്ചു. കര്‍ത്താവ് അവനോട് അരുളിച്ചെയ്തു:

4

ജറുസലെം പട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്ത് കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടുക.

5

അവിടുന്നു മറ്റുള്ളവരോടു ഞാന്‍ കേള്‍ക്കേ ആജ്ഞാപിച്ചു; അവന്റെ പിന്നാലെ പട്ടണത്തില്‍ സഞ്ചരിച്ച് സംഹാരം തുടങ്ങുവിന്‍. നിങ്ങളുടെ കണ്ണില്‍ അലിവുണ്ടാകരുത്; കരുണ കാണിക്കരുത്.

6

വൃദ്ധരെയുംയുവാക്കളെയുംയുവതികളെയും പൈതങ്ങളെയും സ്ത്രീകളെയും നിശ് ശേഷം വധിക്കുവിന്‍. എന്നാല്‍ അടയാളമുള്ളവരെയാരെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തില്‍ത്തന്നെ ആരംഭിക്കുവിന്‍! അവര്‍ ആലയത്തിനു മുമ്പിലുണ്ടായിരുന്ന ശ്രേഷ്ഠന്‍മാരില്‍തന്നെ ആരംഭിച്ചു.

7

അവിടുന്ന് അവരോടു കല്‍പിച്ചു: ഈ ആലയത്തെ അശുദ്ധമാക്കുക. അങ്കണങ്ങളെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്ക്കുക. മുന്നേറുക. അവര്‍ മുന്നേറി, നഗരത്തില്‍ സംഹാരം നടത്തി.

8

അവര്‍ സംഹാരം തുടരുകയും ഞാന്‍ ഒറ്റയ്ക്കാവുകയും ചെയ്തപ്പോള്‍ ഞാന്‍ കമിഴ്ന്നു വീണു നിലവിളിച്ചു: ദൈവമായ കര്‍ത്താവേ, ജറുസലെമിനുമേല്‍ അങ്ങയുടെ കോപം കോരിച്ചൊരിയുന്നതിനിടയില്‍, ഇസോയേലില്‍ അവശേഷിക്കുന്നവരെയെല്ലാം അങ്ങു നശിപ്പിക്കുമോ?

9

അവിടുന്ന് അരുളിച്ചെയ്തു: ഇസ്രായേല്‍ ഭവനത്തിന്റെയും യൂദായുടെയും അപരാധം അത്യധികമാണ്. ദേശം മുഴുവന്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. പട്ടണം അനീതികൊണ്ടു നിറഞ്ഞു. കര്‍ത്താവ് ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു; കര്‍ത്താവ് ഇതൊന്നും കാണുന്നില്ല എന്ന് അവര്‍ പറയുന്നു.

10

എന്നാല്‍ എന്റെ കണ്ണില്‍ അലിവുണ്ടായിരിക്കുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവരുടെ പ്രവൃത്തികള്‍ക്കുള്ള ശിക്ഷ അവരുടെ തലയില്‍ത്തന്നെ ഞാന്‍ വീഴ്ത്തും.

11

പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുള്ള ചണ വസ്ത്രധാരി തിരിച്ചുവന്നു പറഞ്ഞു: അങ്ങയുടെ കല്‍പന ഞാന്‍ നിറവേറ്റി.