സങ്കീര്‍ത്തനങ്ങള്‍ 95

കര്‍ത്താവിനെ സ്തുതിക്കാം
1

വരുവിന്‍, നമുക്കു കര്‍ത്താവിനുസ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.

2

കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.

3

എന്നാല്‍, കര്‍ത്താവ് ഉന്നതനായ ദൈവമാണ്; എല്ലാ ദേവന്‍മാര്‍ക്കും അധിപനായരാജാവാണ്;

4

ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്; പര്‍വതശൃംഗങ്ങളും അവിടുത്തേതാണ്.

5

സമുദ്രം അവിടുത്തേതാണ്, അവിടുന്നാണ് അതു നിര്‍മിച്ചത്; ഉണങ്ങിയ കരയെയും അവിടുന്നാണു മെനഞ്ഞെടുത്തത്.

6

വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.

7

എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു പാലിക്കുന്ന അജഗണം. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!

8

മെരീബായില്‍, മരുഭൂമിയിലെ മാസ്‌സായില്‍, ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

9

അന്നു നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

10

നാല്‍പതു സംവത്‌സരം ആ തലമുറയോട് എനിക്കു നീരസം തോന്നി, വഴിപിഴയ്ക്കുന്ന ഹൃദയത്തോടുകൂടിയ ജനമാണിത്; എന്റെ വഴികളെ അവര്‍ ആദരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു.

11

അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുകയില്ലെന്നു കോപത്തോടെ ഞാന്‍ ശപഥം ചെയ്തു.